മൂന്നാർ: കൊവിഡ്-19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യു.കെ പൗരൻ മൂന്നാറിൽ നിന്ന് മുങ്ങിയ സംഭവത്തിൽ കെ.ടി.ഡി.സി ഹോട്ടൽ അധികൃതരുടേത് ഗുരുതര വീഴ്ചയെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. കൃത്യമായ നിർദേശം നൽകിയിട്ടും ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ടീ കൗണ്ടി റിസോർട്ട് ജനറൽ മാനേജർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കളക്ടർ എച്ച്.ദിനേശൻ ചീഫ് സെക്രട്ടറിക്കും ടൂറിസം സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ പാലിച്ചില്ല. ഡി.എം.ഒയും ദേവികുളം സബ്‌കളക്ടറും നിരന്തരമായി ബന്ധപ്പെട്ട് സംഗതിയുടെ ഗൗരവം ബോദ്ധ്യപ്പെടുത്തിയിരുന്നു. പരിശോധനാഫലം വരുന്നതുവരെ സംഘത്തെ വിട്ടയക്കരുതെന്നും ഐസൊലേഷൻ തുടരണമെന്നും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ആരോടും ചോദിക്കാതെ 19 അംഗ വിദേശികളെ ചെക്ക്ഔട്ട് ചെയ്യാൻ മാനേജർ അനുവദിക്കുകയായിരുന്നു. ഇവർ സ്ഥലംവിടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെട്ടപ്പോൾ പോലും മാനേജർ ഇവരെ വിട്ടയക്കുന്ന കാര്യം പറഞ്ഞില്ല. 15ന് രാവിലെ ജില്ലാ ഭരണകൂടം രോഗം സ്ഥിരീകരിച്ച ശേഷം വിളിച്ചപ്പോഴാണ് വിദേശികൾ സ്ഥലംവിട്ട വിവരം മാനേജർ പറയുന്നതെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 14ന് രാത്രി 10.30നാണ് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട യു.കെ പൗരനടക്കമുള്ള 19 സംഘം മൂന്നാറിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പോയത്.
വീഴ്ചയില്ലെന്ന് കെ.ടി.ഡി.സി
കോവിഡ് 19 രോഗിയായ യു.കെ പൗരൻ മൂന്നാർ വിട്ട സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കെ.ടി.ഡി.സിയുടെ റിപ്പോർട്ട്. നിർബന്ധ പൂർവമാണ് വിദേശികൾ സ്ഥലംവിട്ടത്. രോഗം സ്ഥിരീകരിച്ച വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും കെ. ടി. ഡി. സി എം. ഡി ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് നൽകിയ റിപോർട്ടിൽ പറയുന്നു.
80 പേർ നിരീക്ഷണത്തിൽ
കോവിഡ്-19 ബാധിച്ച യു.കെ പൗരനടക്കമുള്ള വിദേശസംഘം താമസിച്ചിരുന്ന ടീ കൗണ്ടി റിസോർട്ടിൽ 78 ജീവനക്കാരും രണ്ട് ഉത്തരേന്ത്യക്കാരായ താമസക്കാരും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ ആറ് ജീവനക്കാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.