road

ചെറുതോണി: കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒത്തുകളിച്ചതോടെ മുടങ്ങിയത് കുടിയേറ്റ കാലത്തോളം പഴക്കമുള്ള ഈ റോഡ്. മരിയാപുരം കാമാക്ഷി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രകാശ് കരിക്കിൻമേട് -ഉപ്പുതോട് റോഡിനാണ് ശോച്യാവസ്ഥയിൽനിന്ന് മോചനം ഇനിയും അകലെയായത്. റോഡിനായി വീണ്ടും സമരത്തിനുള്ള സാഹചര്യമൊരുങ്ങി

നിരവധി സമരങ്ങൾക്കൊടുവിൽ നബാർഡിൽ നിന്നു അഞ്ചുകോടിയും പൊതുമരാമത്ത് വകുപ്പ് മുന്നുകോടി രൂപയു മനുവദിച്ചു. ടെന്റർ നടപടികൾ പൂർത്തിയായതാണ്. എന്നാൽ കരാറുകാരനും പൊതുമരാമത്ത് ഉദ്യോസസ്ഥരും ഒത്തുകളിച്ചതിനാൽ സർക്കാർ ഫണ്ട് ലാപ്‌സായി. ബി.എം ആന്റ് ബി.സി ലെവലിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ ക്ഷണിച്ചിരുന്നത്. കരാർ ഏറ്റെടുത്തശേഷം സാദാ ടാറിംഗ് നടത്തുന്നതിനുള്ള നീക്കമാണ് ഫണ്ട് ലാപ്‌സാകാൻ കാരണമായതെന്ന് പ്രദേശവാസികളാരോപിച്ചു. റോഡിന്റെ ആരംഭമായ പ്രകാശ് വരെയും അവസാനിക്കുന്ന ഉപ്പുതോടുവരെയും നിർമാണംപൂർത്തിയായതാണ്. ഇടയ്ക്കുള്ള എട്ടരകിലോമീറ്റർ റോഡിന്റെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. പൂർത്തിയാക്കാനുള്ള റോഡിൽ ചിറ്റടിക്കവല മുതൽ കരിക്കിൻമേട് വരെ 1.800 മീറ്റർ യാതൊരു പണികളും നടത്തിയിട്ടില്ല. ഈ ഭാഗത്തുള്ള ആൾക്കാരെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കട്ടിലിൽ കിടത്തിയും കരേയിലിരുത്തിയും ചുമന്നുമാണ് എത്തിക്കുന്നത്.

റോഡ് നിർമാണമാരംഭിക്കണമെന്നാവശ്യപ്പെട്ട് പത്തുവർഷത്തിലധികമായി നാട്ടുകാർ സമരത്തിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചെങ്കിലും ഡിസംബറിന് മുമ്പ് റോഡ് നിർമാണമാരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചതിനാൽ സമരത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിനുശേഷം മുന്നുമാസം കഴിഞ്ഞിട്ടും നടപടികളാരംഭിച്ചില്ല.

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ചിറ്റടിക്കവല, അബ്ദുൾകലാം ലൈബ്രറിയുടെ നേതൃത്വത്തിൽ സമരങ്ങളാരംഭിക്കുമെന്ന് ഭാരവാഹികളറിയിച്ചു. ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സർവ്വകക്ഷി യുടെ സഹകരണത്തോടെ സമരസമിതി രൂപീകരിച്ചത്. 25ന് മുമ്പ് റോഡ് നിർമാണമാരംഭിച്ചില്ലങ്കിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ നിരാഹാരസമരം മാരംഭിക്കുമന്ന് ഭാരവാഹികളായ ബെന്നി പള്ളിപ്പറമ്പിൽ, ജിറ്റോ എടപ്പാട്ട്, ബാബു പുൽക്കയത്ത്, റോയി തറപ്പേൽ, റോയി ഇടപ്പാട്ട്, ഷിബു പുൽക്കയത്ത് എന്നിവർ അറിയച്ചു.