കട്ടപ്പന: കട്ടപ്പനയാറിൽ നീരൊഴുക്ക് തടസപ്പെടുത്തി വളർന്ന പോള നീക്കാൻ കട്ടപ്പന നഗരസഭ നടപടി തുടങ്ങി. നിരവധി കുടുംബങ്ങളുടെ ആശ്രയമായ കട്ടപ്പനയാറിലെ ഇരുപതേക്കർ ഭാഗത്ത് പോള നിറഞ്ഞത് 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പോളി നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അറിയിച്ചു. തോമസ് മൈക്കിൾ, നഗരസഭ കൗൺസിലർ ഗിരീഷ് മാലിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വീട്ടാവശ്യങ്ങൾക്കായി തീരപ്രദേശങ്ങളിലെ കുടുംബങ്ങൾ കട്ടപ്പനയാറിനെയാണ് ആശ്രയിക്കുന്നത്. പോള നിറഞ്ഞ് വെള്ളത്തിനു ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ ഉപയോഗിക്കാനാകുന്നില്ല. മുൻവർഷവും ഇതേ സ്ഥലത്ത് നിറഞ്ഞ പോള നഗരസഭ ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ഇപ്പോൾ വ്യാപിച്ചുകിടക്കുന്ന പോള മറ്റെവിടെ നിന്നോ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.