കട്ടപ്പന: ഇരുപതേക്കർ പാലത്തിൽ അപകടത്തിൽപ്പെട്ട ജീപ്പ് നീക്കി ഗതാഗതം സുഗമമാക്കി. കട്ടപ്പന പൊലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ജീപ്പ് മാറ്റുകയായിരുന്നു. അപകടത്തിനുശേഷം ഉടമ ഉപേക്ഷിച്ചുപോയ ജീപ്പ് ഒരുമാസത്തിലധികമായി പാലത്തിന്റെ വശത്ത് വളവിൽ നീക്കിയിട്ടിരിക്കുകയായിരുന്നു. ഇതു മറ്റു വാഹനങ്ങൾക്കു ഭീഷണിയായിരുന്നു. ഫെബ്രുവരി രണ്ടിനാണ് ടിപ്പർ ലോറിയുമായി ജീപ്പ് പാലത്തിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ കോട്ടയം സ്വദേശിക്കും രണ്ടു തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന ജീപ്പ് വളവിൽ ഒതുക്കിയിട്ടെങ്കിലും ഇവിടെ നിന്നുമാറ്റാൻ തയാറായില്ല. ഇതു 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നഗരസഭ കൗൺസിലർ ഗിരിഷ് മാലിയിൽ കട്ടപ്പന പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാകാത്ത സ്ഥലത്തേയ്ക്കാണ് ഇപ്പോൾ ജീപ്പ് മാറ്റിയിട്ടിരിക്കുന്നത്. എന്നാൽ അപകടത്തിൽ തകർന്ന പാലത്തിന്റെ കൈവരികൾ പുനസ്ഥാപിച്ചിട്ടില്ല.