തൊടുപുഴ: അപ്രതീക്ഷിതമായി വന്നെത്തിയ അവധി ദിനങ്ങളിലും കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകി വ്യത്യസ്ഥമാവുകയാണ് തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ അദ്ധ്യാപകർ. ''ഉല്ലാസക്കളരി''എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 730 കുട്ടികളേയും ഉൾപ്പെടുത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഏഴ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ഓരോ ക്ലാസിന്റേയും നിലവാരത്തിനനുസരിച്ച് പഠന പ്രവർത്തനങ്ങൾ തയ്യാറാക്കി അദ്ധ്യാപകർ കുട്ടികൾക്ക് നൽകുന്നു. കൊറോണ. സംബന്ധിച്ച വാർത്തകൾ ചിത്രങ്ങൾ, വിവരങ്ങൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക, പ്രതിരോധ പോസ്റ്ററുകൾ തയ്യാറാക്കുക, , കൊറോണ ബാധിത രാജ്യങ്ങൾ ഭൂപടമാപ്പിൽ രേഖപ്പെടുത്തുക, ആൽബം തയ്യാറാക്കുക, ജലസംരക്ഷണ മാർഗ്ഗങ്ങൾ-ഉപന്യാസം തയ്യാറാക്കുക, പകർച്ച വ്യാധി തടയാൻ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ, ക്വിസ് ചോദ്യാവലി തയ്യാറാക്കുക, വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ലഘു പരീക്ഷണങ്ങൾ, വിവിധ മോഡലുകളുടെ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്. കുട്ടികൾ ഇവ വീടുകളിൽ ഇരുന്ന് ചെയ്തതിനു ശേഷം ഇവയുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടുന്നു. എല്ലാ കുട്ടികൾക്കും പരസ്പരം വിലയിരുത്താനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു. മാർച്ച് 31 വരെയാണ് പ്രവർത്തനങ്ങൾക്ക് നൽകിയിരിക്കുന്ന സമയപരിധി.