തൊടുപുഴ: നഗരസഭാ ചെയർപഴ്‌സൺ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. കോൺഗ്രസിലെ ഏക വനിത അംഗം സിസിലി ജോസായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്ന് രാവിലെയേ പ്രഖ്യാപിക്കൂ. മുൻ ചെയർപേഴ്‌സണും സി.പി.എം അംഗവുമായ മിനി മധു തന്നെയായിരിക്കും മത്സരിക്കുകയെന്നാണ് സൂചന. ബിന്ദു പദ്മകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി. നിലവിലെ കക്ഷിനില അനുസരിച്ച് ഒരാളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കാനാണ് സാദ്ധ്യത. യു.ഡി.എഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് (ജോസ് വിഭാഗം) അംഗമായ ജെസി ആന്റണി കഴിഞ്ഞ മാസം 18ന് ചെയർപഴ്‌സൺ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഭരണ സമിതി നിലവിൽ വന്നതിനു ശേഷം നടക്കുന്ന നാലാമത്തെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പുതിയ ചെയർപഴ്‌സണ് ഇനി എട്ടു മാസം മാത്രമാണ് ഭരണകാലാവധിയുള്ളത്. ഇടുക്കി ആർ.ഡി.ഒയാണ് വരണാധികാരി.
2018 ആവർത്തിക്കുമോ..?
ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യു.ഡി.എഫ് അംഗങ്ങളുടെയാരെങ്കിലും വോട്ട് അസാധുവായാൽ വോട്ടുകൾ തുല്യമാകും. പിന്നെ നറുക്കെടുപ്പ് വേണ്ടിവരും. ഇതിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. 2018 ജൂൺ 18ന് നടന്ന ചെയർപഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തുല്യം വോട്ട് വന്നിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മിനി മധു വിജയിച്ചു. ആറ് മാസത്തിന് ശേഷം ബി.ജെ.പി പിന്തുണയോടെ അവിശ്വാസം പാസാക്കിയാണ് യു.ഡി.എഫ് ഭരണം തിരിച്ചു പിടിച്ചത്.
കക്ഷിനില
35 അംഗ കൗൺസിൽ
യു.ഡി.എഫ്- 14
എൽ.ഡി.എഫ്- 13
ബി.ജെ.പി- എട്ട്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു
മുസ്ലിം ലീഗിന്റെ കൈവശമുള്ള വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം രാജി വച്ച് കൈമാറിയില്ലെങ്കിൽ ഇന്നു നടക്കുന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം പ്രതിനിധി മേഴ്‌സി കുര്യൻ നിലപാടെടുത്തത് യു.ഡി.എഫിൽ അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് യു.ഡി.എഫ് അടിയന്തര യോഗം ചേർന്ന് ജെസി ജോണിയെകൊണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം രാജി വയ്പ്പിച്ചു.