മറയൂർ: പാമ്പാർ തീരത്ത് മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നത് കൂടി, ആദിവാസി കുടികളലേക്കുള്ള കുടിവെള്ളം മലിനമായി. ഇത് കൂടാതെ ഇവടേക്കുള്ള പാതയിൽ ദുർഗന്ധം മൂലം സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമായി. കോവില്കടവ് ഇടക്കടവ് പാതയിൽ പാമ്പാർ തീരത്താണ് പഞ്ചായത്ത് മാലിന്യം നക്ഷേപിക്കാന് സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ടൂറിസം മേഖല കൂടിയായ കാന്തലൂർ പഞ്ചായത്തിൽ നിന്നുമുള്ള മുഴുവൻ മാലിന്യങ്ങളും കോവില്കടവ് മേഖലയിലെ ഇറച്ചി കടയിൽ നിന്നുള്ള മാംസാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്. ഇതോടെ മൂന്ന് ആദിവാസി കുട്ടികളലേക്കുള്ള കുടിവെള്ളവും മലിനപ്പെടുത്തുകയാണ്. കൂടാതെ പൊങ്ങംപള്ളി, ഇടക്കടവ്, പുതുവെട്ട്, വണ്ണാന്തുറ, പാളപ്പെട്ടി തുടങ്ങിയ ആദിവാസി കുടികളലേക്കുള്ള പാതയോരം കൂടിയായതിനാൽ മാംസാവശിഷ്ടങ്ങളും ചീഞ്ഞു മറ്റുമുള്ള ദുർഗന്ധത്താൽ വഴി നടക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ഇവിടെ മാലിന്യം കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ച് പൊങ്ങംപള്ളികുടി നിവാസികൾക്ക് ശ്വാസകോശസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതായും ആരോപണമുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും മറ്റു ഭക്ഷിച്ച് തെരുവ് നായ്ക്കളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടിയന്തരമായി പഞ്ചായത്ത് മാലിന്യ പ്ലാന്റ് നിർമ്മിച്ച് ശാസ്ത്രീയ മാലിന്യ സംസ്‌കരിക്കണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം മാലിന്യ പ്ലാന്റ് നിർമ്മിക്കുമെന്ന് പഞ്ചായത്ത് വർങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പണി ആരംഭിച്ചിട്ടുമില്ല.