തൊടുപുഴ: തൊടുപുഴ മേഖലയിലെ മൂന്നിടത്ത് സമാനമായ രീതിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് തീപിടുത്തമുണ്ടായി. പൈങ്കുളത്തെ കിടക്കനിർമാണ യൂണിറ്റിനും കരിമണ്ണൂരിലെയും കലയന്താനിയിലെയും റബർ തോട്ടങ്ങൾക്കുമാണ് വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.20ന് പൈങ്കുളം സ്‌കൂളിനു സമീപം പ്രവർത്തിച്ചിരുന്ന സീ ഫോം ബെഡ് ഫാക്ടറിയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. ഫാക്ടറിയ്ക്കു സമീപത്തു കൂടി വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ട്. ഇതിനു സമീപം നിന്നിരുന്ന കമുകിൽ വൈദ്യുതി ലൈൻ ഉരസിയതിനെ തുടർന്ന് ചിതറിയ തീപ്പൊരി താഴെ കിടന്നിരുന്ന ചവറിൽ വീണാണ് തീ പിടിത്തമുണ്ടായത്. ഈ സമയം ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്ത് പോയതായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ ഫയർസ്റ്റേഷനിൽ നിന്നുള്ള രണ്ട് യൂണിറ്റും കല്ലൂർക്കാട് നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടയിൽ ഫയർ ഓഫീസർ എ. മുബാറക്കിന്റെ കൈയ്ക്ക് പൊള്ളലേറ്റു. മുബാറക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഒരു മണിക്കൂറോളം കഷ്ടപ്പെട്ടാണ് തീയണച്ചത്. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന ബെഡുകൾ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാടു സംഭവിച്ചു. വർഷങ്ങൾക്ക് മുമ്പും ഇതേ ഫാക്ടറിയിൽ വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണ് തീപിടുത്തമുണ്ടായിട്ടുണ്ട്. മരങ്ങൾക്ക് ഇടയിലൂടെയുള്ള വൈദ്യുതി കണക്ഷൻ മാറ്റണമെന്ന് പലതവണ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. ഉച്ചകഴിഞ്ഞ് 2.45ന് കലയന്താനി സെന്റ് മേരീസ് സ്കൂളിന്റെ പുറകിലെ റബർ തോട്ടത്തിനും വൈദ്യുതി ലൈനിൽ നിന്ന് തീപിടിച്ചു. മരത്തിൽ വൈദ്യുതി ലൈൻ ഉരസിയതിനെ തുടർന്ന് ചിതറിയ തീപ്പൊരി ഉണങ്ങിയ പുല്ലിൽ വീണ് തീപിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.45ന് കരിമണ്ണൂർ നിർമല സ്കൂളിനടുത്തെ റബർ തോട്ടത്തിലും സമാനമായ രീതിയിൽ തീപിടിച്ചിരുന്നു. രണ്ടിടത്തും തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു.

സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, സീനിയർ ഫയർ ഓഫീസർ ടി.ഇ അലിയാർ, ഫയർ ഓഫീസർമാരായ അനീഷ്‌കുമാർ, സജീവ്, മനു ആന്റണി, പ്രശാന്ത് കുമാർ,​ ജിജോ ഫിലിപ്പ്, എം.എച്ച്. നാസർ, നൗഷാദ് എസ് എന്നിവർ ചേർന്നാണ് തീയണച്ചത്.