ചെറുതോണി: തനിച്ചുതാമസിക്കുന്ന വയോധികനെ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതായി പരാതി. വാഴത്തോപ്പ് പള്ളിത്താഴെ വാടകവീട്ടിൽ താമസിക്കുന്ന ആലപ്പുരയ്ക്കൽ ജോണിനെയാണ് മൂന്നുപേർ ചേർന്ന് മർദ്ദിച്ചതായി പറയുന്നത്. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. മുറിയിൽ ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന ജോണിനെ മഞ്ഞപ്പാറ സ്വദേശിയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചതായി ജോൺ പറയുന്നു. വിളിച്ച് വീട്ടിൽ നിന്നും പുറത്തിറക്കിയ ശേഷം കവിളത്തും തലയിലും പുറത്തും മാറി മാറി അടിച്ചെന്നും രക്ഷപെടാൻ കഴിയാതെ വന്നതോടെ അലറിവിളിച്ചതിനെതുടർന്ന് പരിസരവാസികൾ ഓടിക്കൂടിയതോടെ അക്രമികൾ ഓടി രക്ഷപെട്ടുവെന്നും ജോൺ പറഞ്ഞു.അയൽവാസികളുടെ സഹായത്തോടെ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇടുക്കി പൊലീസിൽ പരാതി നൽകിയതായും ജോൺ പറഞ്ഞു.