kkk
ബോർഡുകളുമായി പാമ്പാടുംപാറയിൽ നിൽക്കുന്ന കുരുന്നുകൾ.

'മുറിവേറ്റ' കുട്ടി സിംഹങ്ങളുടെ ബോധവത്കരണം

കട്ടപ്പന: കൊറോണ ഭീതിയിൽ സ്‌കൂൾ പൂട്ടി.. എന്നാൽ വാഹനങ്ങൾ ചീറിപ്പായുന്നതിനാൽ സ്വസ്ഥമായി റോഡിലൂടെ സൈക്കിൾ ഓടിക്കാൻ പറ്റില്ലെങ്കിൽ എന്തുചെയ്യും? കുരുന്നുകളുടെ ചോദ്യം ന്യായമാണ്. ഒടുവിൽ ''ഓവർ സ്പീഡ് പാടില്ല'' എന്നെഴുതിയ ബോർഡും പിടിച്ച് പൊരിവെയിലത്ത് കുടയും ചൂടി വാഹനയാത്രികരെ ബോധവത്കരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് രണ്ടു കുരുന്നുകൾ. നാലാം ക്ലാസ് വിദ്യാർഥികളായ ഭഗത് വി.എസ്, ധരൺ സുധാകർ എന്നിവരാണ് കൈയടി നേടിയത്. ഇതിനു പിന്നിൽ മറ്റൊരു രസകരമായ സംഭവവും കൂടിയുണ്ട്. പാമ്പാടുംപാറയിൽ അടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും അടുത്ത കൂട്ടുകാരുമാണ്. ഇരുവരുടെയും വീടുകൾ സംസ്ഥാനപാതയോടു ചേർന്നായതിനാൽ സൈക്കിൾ ചവിട്ടാൻ മറ്റു റോഡുകളുമില്ല. എന്നും രാവിലെ ഇരുവരും സൈക്കിൾ സവാരി നടത്താറുമുണ്ട്. എന്നാൽ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ ഇവരുടെ സൈക്കിൾ സവാരിക്ക് ഭീഷണിയാണ്. ഇന്നലെയും പതിവുപോലെ റോഡിലിറങ്ങിയപ്പോൾ അമിതവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഭഗതിന്റെ അച്ഛനും പാമ്പാടുംപാറ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ ഷിജിമോൻ ഐപ്പ്, ഇരുവരോടും സൈക്കിളുമായി വീട്ടിലേക്കു തിരികെ പോകാൻ ആവശ്യപ്പെട്ടു. മനസില്ലാ മനസോടെ ഇരുവരും വീടുകളിലേക്കു മടങ്ങി. എന്നാൽ ''മുറിവേറ്റ സിംഹത്തിന്റെ ശ്വാസം, ഗർജനത്തെക്കാൾ ഭയങ്കരമായിരുന്നു' എന്ന സിനിമ ഡയലോഗ് പോലെ ഇരുവരും മറ്റൊരു പദ്ധതി തയാറാക്കി. തങ്ങളുടെ സൈക്കിൾ സവാരിക്ക് ഭീഷണിയായി ചീറിപ്പായുന്ന ഡ്രൈവർമാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ തന്നെ തീരുമാനിച്ചു. പേപ്പർ കൊണ്ട് തയാറാക്കിയ ബോർഡിൽ ഓവർ സ്പീഡ് പാടില്ല എന്നെഴുതി റോഡരികിൽ നിലയുറപ്പിച്ചു. കുടയും ചൂടി ബോർഡുമായി നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡ്രൈവർമാർക്കും കൗതുകമായി. ചിലർ വണ്ടി നിർത്തി കാര്യം തിരക്കി. ''ഞങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റില്ല. ഇതിലെ പോകുന്ന വണ്ടികളൊക്കെ ഭയങ്കര സ്പീഡാ.. ഇത് കണ്ടാൽ എങ്കിലും ചിലപ്പോ പയ്യെ പോയാലോ'' ഇതായിരുന്നു ഇരുവരുടെയും പ്രതികരണം. കുട്ടികളുടെ കുട്ടി ബോധവത്കരണം കണ്ട ചില ഡ്രൈവർമാരെങ്കിലും വാഹനം വേഗം കുറച്ച് ഒടിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.ഭഗത് കല്ലാർ എൽ.പി. സ്‌കൂളിലെയും ധരൺ നെടുങ്കണ്ടം എസ്.ഡി.എ സ്‌കൂളിലെയും വിദ്യാർഥികളാണ്. എ അടുത്തഘട്ട ബോധവത്കരണം ഇതിലും വലുതായിരിക്കുമെന്നാണ് ഇരുവരും നൽകുന്ന സൂചന.