കട്ടപ്പന: ഭൂമിയുടെ തണ്ടപ്പേരുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിൽ കട്ടപ്പന സഹകരണ ആശുപത്രിക്കെതിരെ ചിലർ വ്യാജപ്രചരണം നടത്തുകയാണെന്ന് ഭരണസമിതിയംഗങ്ങൾ ആരോപിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആശുപത്രിക്കെതിരെ പ്രചരിപ്പിക്കുന്നത്. തണ്ടപ്പേർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആശുപത്രിയുടെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ല. ജനങ്ങളുടെയും രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ 2017 ആഗസ്റ്റ് 12നാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് സഹകരണ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ജനറൽ മെഡിസിൻ, ഓർത്തോ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, ഇ.എൻ.ടി, ദന്തരോഗ വിഭാഗം, തൈറോയ്ഡ്, പ്രമേഹരോഗ വിഭാഗം എന്നിവയ്ക്കുപുറമെ 24 മണിക്കൂർ അത്യാഹിത വിഭാഗവും പ്രവർത്തിച്ചുവരുന്നു. ഉടൻതന്നെ ഗൈനക്കോളജി വിഭാഗവും അൾട്രസൗണ്ട് സ്‌കാനിംഗും പ്രവർത്തനമാരംഭിക്കും. നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സഹകരണ ആശുപത്രിയുടെ ലക്ഷ്യം. ആശുപത്രിയുടെ വളർച്ചയിൽ വിളറിപൂണ്ട ചിലരാണ് അപവാദ പ്രചാരണത്തിനു പിന്നിലെന്നും സി.വി. വർഗീസ്, കെ.ആർ. സോദരൻ, കെ.പി. സുമോദ്, ജലജ ജയസൂര്യ, ആൽബിൻ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.