കട്ടപ്പന: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറ്റടി സ്‌പൈസസ് പാർക്കിൽ താത്കാലികമായി നിർത്തിയ ഏലം ഈ ലേലം പുനരാരംഭിക്കാൻ അനുമതി. ഡി.എം.ഒ. നടത്തിയ അന്വേഷണത്തിൽ സ്‌പൈസസ് പാർക്കിൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നു ബോദ്ധ്യപ്പെട്ടതിനാലാണ് കലക്ടറുടെ നിർദേശപ്രകാരം ലേലം പുനരാരംഭിക്കാൻ ഉത്തരവിറക്കിയത്. ലേലം നിർത്തിയതോടെ കർഷകരും ചെറുകിട വ്യാപാരികളും ബുദ്ധിമുട്ടിലായതായി കാട്ടി കാർഡമം ഡീലേഴ്‌സ് ചേമ്പർ കലക്ടർക്കും ഡി.എം.ഒയ്ക്കും പരാതി നൽകിയിരുന്നു. ഇപ്പോൾ കർശന വ്യവസ്ഥകളോടെയാണ് ലേലത്തിനു അനുമതി നൽകിയിട്ടുള്ളത്. 50ലധികം പേർ പാടില്ലെന്നും ആളുകൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണമെന്നും ഹാൻഡ് വാഷ്, മാസ്‌ക് എന്നിവ ലഭ്യമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം സ്‌പൈസസ് പാർക്കിലെ ഈലേലം താത്കാലികമായി നിർത്തിയത്.