ചെറുതോണി: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും കത്തിച്ച കേസിൽ രണ്ട് യുവാക്കളെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കുമളി-വെള്ളാരംകുന്ന് പുതിയാപറമ്പിൽ ബിബിൻ ജോസഫ് (26) കുരീക്കാട്ടുകുന്നേൽ ശാലു ചാക്കോ (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാപൊലീസ് പറഞ്ഞു. മുരിക്കാശ്ശേരി-താഴെപതിനാറാംകണ്ടം ഭാഗത്ത് ആലപ്പുറം അൻവർഷയുടെ വാഹനങ്ങളാണ് കഴിഞ്ഞ മാസം 3ന് രാത്രിയാണ് പ്രതികൾ അഗ്നിക്കിരയാക്കിയത്. പ്രതികളുടേതെന്ന് സംശയിക്കുന്ന ആയിരത്തോളം ഫോൺകോളുകൾ പരിശോധിച്ചാണ് പ്രതികളെ സംബന്ധിച്ച് തുമ്പുണ്ടാക്കിയത്. ഒന്നാം പ്രതിയായ ടിൻസ് കുറ്റംകൃത്യം നടത്തിയിട്ട് ഉടൻതന്നെ വിദേശത്തേക്ക് കടന്നുകളഞ്ഞു. ഇയാൾ വിദേശത്തേക്കുള്ള വിസയെല്ലാം തയ്യാറാക്കിവച്ചശേഷമാണ് കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ടിൻസിന്റെ കൂട്ടുകാരെ ഒപ്പം കൂട്ടുകയാണുണ്ടായത്. പ്രണയവിഷയത്തിലുണ്ടായ വൈരാഗ്യമാണ് വാഹനംകത്തിക്കുന്നതിന് പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.