peater
പീറ്റർ

തൊടുപുഴ: ജാമ്യമെടുത്ത് മുങ്ങിയ ചിട്ടിതട്ടിപ്പ് കേസ് പ്രതിയെ പത്ത് വർഷത്തിന് ശേഷം വീട്ടിൽ നിന്ന് പിടികൂടി. അങ്കമാലി കിടങ്ങൂർ പറേക്കാട്ട് വീട്ടിൽ പീറ്ററിനെയാണ് (47) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി കിടങ്ങൂരിൽ ഇയാൾ നടത്തിയിരുന്ന രാജശ്രീ എന്ന ചിട്ടി സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പരാതികളുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കോടതിയിൽ നിന്ന് ജാമ്യമെടുത്ത് മുങ്ങി. പത്ത് വർഷമായി ഇയാളെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ഇയാൾ വീട്ടിലെത്താറുണ്ടെന്നത് അടുത്തിടെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച് വരികയായിരുന്നു. പീറ്റർ വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതോടെ സി.ഐ പി. പങ്കജാക്ഷന്റെ നേതൃത്വത്തിൽ അങ്കമാലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി ഇയാൾക്കെതിരെ 32 കേസുകളുണ്ട്. ഇതിൽ പന്ത്രണ്ടും കാളിയാർ പൊലീസ് സ്റ്റേഷനിലാണ്. എസ്.ഐമാരായ ത്രിദീപ്, ചന്ദ്രൻ, ഇബ്രാഹിം, എ.എസ്.ഐ. വിജേഷ്, സി.പി.ഒമാരായ മനു, സന്ദീപ്, ഫ്രീദ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.