impact-

തൊടുപുഴ: അഞ്ച് മാസത്തിലേറെയായി ശമ്പളമില്ലാതെ കഴിയുന്ന ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരോട് ഒടുവിൽ സർക്കാർ കനിഞ്ഞു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശമ്പളം പല ജില്ലകളിലും ട്രഷറികളിലെത്തി. ബാക്കിയുള്ള ജില്ലകളിൽ അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയായതിനാൽ ധനകാര്യവകുപ്പിന്റെ അനുമതിക്കുശേഷം ട്രഷറികളിലെത്തും. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.

ഏകാദ്ധ്യാപകരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ 270 ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ 340 അദ്ധ്യാപകർക്ക് അവസാനം ശമ്പളം കിട്ടിയത് ഓണത്തിനാണ്. പല ജില്ലകളിലും ഏകാദ്ധ്യാപകർ നിരാഹാരസമരം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദിയിൽ കഴിഞ്ഞ 26ന് വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ- ധന മന്ത്രിമാർ നടത്തിയ ഇടപെടലിലാണ് ശമ്പളം നൽകാൻ തീരുമാനമായത്. ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഈ വിദ്യാലയങ്ങളിൽ പതിനായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. ഉച്ചഭക്ഷണമടക്കം പോഷകാഹാരത്തിനുള്ള പണവും മുടങ്ങിയിരുന്നു. വന്യമൃഗങ്ങളുടെയടക്കം ശല്യമുള്ള വനമേഖലയിൽ താമസിച്ചാണ് പല അദ്ധ്യാപകരും പഠിപ്പിക്കുന്നത്.

ഏകാദ്ധ്യാപക വിദ്യാലയം

ഗോത്രവർഗ മേഖലയിലെയും തീരപ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് 1997ൽ സർക്കാ‌ർ ഡി.പി.ഇ.പിയിൽപ്പെടുത്തി ആരംഭിച്ചതാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങൾ. 2012ൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതോടെ, ഇവയെ പ്രൈമറി സ്കൂളുകളാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. 2011 വരെ സർവശിക്ഷാ അഭിയാൻ വഴി കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് ചുമതല.