തൊടുപുഴ: അറക്കുളത്ത് ഔഷധ പാർക്ക് ആരംഭിക്കുന്നതിന്
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് അനുമതി. അറക്കുളം പഞ്ചായത്തിലെ പന്ത്രണ്ടാം മൈൽ എം.വി.ഐ.പി സ്ഥലത്ത് പ്രകൃതി വിഭാവ പരിപാലനത്തിൽ ഉൾപ്പെടുത്തി ഔഷധസസ്യ പഴത്തോട്ട പാർക്ക് നിർമിക്കുന്നതിന് സ്ഥലം ഉപയോഗിക്കാനാണ് ജലവിഭവ വകുപ്പ് അനുമതി നൽകിയത്. സ്ഥലത്തിന്റെ ഉപയോഗാനുമതി നൽകണമെന്നഭ്യർത്ഥിച്ച് വകുപ്പ് മന്ത്രിയുമായി റോഷി അഗസ്റ്റിൻ എം.എൽ.എയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ടും ഭരണസമിതി അംഗങ്ങളും നടത്തിയ ചർച്ചയെ തുർന്നാണ് ഉത്തരവ്. നിലവിലുള്ള കാഞ്ഞാർ വാട്ടർ ഷെഡിന്റെ പ്രാരംഭ ജോലികൾ നടത്തിയ സ്ഥലം ഉൾപ്പെടെ ഏകദേശം 2.1884 ഹെക്ടർ സ്ഥലവും 12-ാം മൈൽ ഭാഗത്ത് ഏകദേശം 0.6425 ഹെക്ടർ സ്ഥലവുമാണ് പദ്ധതിക്കായി അനുവദിക്കുന്നത്. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലും പി.എം.കെ.എസ്.വൈ പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിന്റെ ഇതര പദ്ധതികളും യോജിപ്പിച്ച് കദളീവനം പദ്ധതി എന്ന പേരിൽ മനോഹരമായ ഔഷധ സസ്യപാർക്ക് സ്ഥാപിക്കുമെന്നും വിനോദത്തിനും വിജ്ഞാനത്തിനും ഏറെ പ്രയോജനപ്രദമായ പാർക്കായിരിക്കും ഇവിടെ സ്ഥാപിക്കുന്നതെന്നും റെജി മുക്കാട്ട് പറഞ്ഞു.

ഔഷധ പാർക്ക് ഇങ്ങനെ

ജൈവ വേലി, കുളം, ചെക്ക് ഡാം, ഗള്ളി പ്ലഗിങ്, നദീ സംരക്ഷണ ഭിത്തി, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ, അലങ്കാര ചെടികൾ, നക്ഷത്രവനം നടപ്പാത തുടങ്ങിയവയാണ് ഔഷധ പാർക്കിൽ നിർമിക്കുക