''ഭയന്നിടില്ല നാം, ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും '
കമ്പംമെട്ട്:കൊറോണ ഭീതി അകറ്റുന്നതിനായി പൊലീസ് ഉദ്യോഗസ്ഥൻ രചിച്ച് പുറത്തിറക്കിയ കവിത വൈറലാകുന്നു. കമ്പംമെട്ട് സി. ഐ ജി. സുനിൽ കുമാറാണ് കരുതൽ എന്ന കൊറോണ ബോധവത്ക്കരണ കവിത രചിച്ചത്. കൊറോണ പ്രതിരോധ മുൻകരുതലുകൾ കാമ്പയിനുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ വലിയ തോതിൽ പ്രചാരണം നല്കി വരുന്ന അവസരത്തിലാണ് സി ഐ ജി. സുനിൽകുമാർ ജനങ്ങളുടെ ഇടയിലുള്ള ആശങ്ക അകറ്റാനും ബോധവൽക്കരണത്തിനുമായി 'കരുതൽ ' നിനക്കും നിന്നിലൂടെ എനിക്കും എന്ന കവർ പേജോടെ
വേറിട്ട കവിത പുറത്തിറക്കിയത്.
പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാറാണ് കവിത ആലപിച്ചിരിക്കുന്നത്. തിരക്കിട്ട ജോലിക്കിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ എഴുതിയ ഈ കവിത സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാം കവിതയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തിരുവനന്തപുരം കാട്ടാക്കട സി.ഐ ആയിരുന്ന സുനിൽകുമാർ കഴിഞ്ഞ ജൂലായിലാണ് കമ്പംമെട്ടിൽ ചാർജേറ്റെടുത്തത്. ചെറുപ്പം മുതൽ കവിതകൾ എഴുതുന്ന പത്തനംതിട്ട അടൂർ ഭാവയാമി വീട്ടിൽ സുനിൽ കുമാറിന്റെ നിരവധി ആൽബങ്ങളുടെ സിഡി പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ കലിപ്പ്, ഉടൻ പുറത്തിറങ്ങുന്ന ഇടം എന്നീ സിനിമകളിൽ ഗാനങ്ങളെഴുതിയിട്ടുണ്ട്. പ്രധാനമായും മഴ മേഘമറിയാതെ, ശിവ ഭദ്ര, എന്റെകാവ്, നിലാ പൂക്കൾ, ശിവപഞ്ചാക്ഷരി, ബുദ്ധഭൂമി എന്നീ ആൽബങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. കൊറോണ ഭീതി പരത്തി നിൽക്കുന്ന ഈ അവസരത്തിൽ 'കരുതൽ ' എന്ന് പേര് നല്കിയിരിക്കുന്ന ഈ കവിത ജനങ്ങളുടെ ആശങ്ക അകറ്റുവാൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ നിയമപാലകൻ.