lelam

കട്ടപ്പന: കൊറോണ. ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ കർശന വ്യവസ്ഥകളോടെ സ്‌പൈസസ് ബോർഡിന്റെ ഏലക്ക ഇലേലം പുനരാരംഭിച്ചു. നാലുദിവസങ്ങൾക്കു ശേഷം ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ഏജൻസിയുടെ ലേലം നടന്നു. സ്‌പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നു മുന്നൊരുക്കങ്ങൾ. ലേലത്തിൽ പങ്കെടുക്കാനെത്തിയ വ്യാപാരികൾക്കും മറ്റു ജീവനക്കാർക്കും ഓക്ഷൻ സെന്ററിന്റെ വാഷിംഗ് മുറിയിൽ കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. 50പേരിൽ കൂടുതൽ ലേല ഹാളിൽ പാടില്ലെന്നു ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു. ഇതെത്തുടർന്ന് ലേലത്തിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം 30 ആയി ചുരുക്കി. ഇവരെക്കൂടാതെ സ്‌പൈസസ് ബോർഡ് അധികൃതരും ലേല ഏജൻസി ജീവനക്കാരും മാത്രമാണ് ഹാളിനുള്ളിൽ പ്രവേശിച്ചത്. ഇവർക്ക് മാസ്‌കുകളും വിതരണം ചെയ്തു. തുടർന്ന് 2.30 ഓടെ ലേലം ആരംഭിച്ചു. മറ്റുള്ള വ്യാപാരികളും ലേലം പുനരാരംഭിക്കുന്ന വിവരമറിഞ്ഞ് എത്തിയവരും ഹാളിനു പുറത്തും സ്‌പൈസസ് പാർക്കിന്റെ പരിസരങ്ങളിലുമായി ലേലം അവസാനിക്കുന്നതുവരെ സമയം ചെലവഴിച്ചു.
ഡി.എം.ഒ. നടത്തിയ അന്വേഷണത്തിൽ സ്‌പൈസസ് പാർക്കിൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണ് കലക്ടറുടെ നിർദേശപ്രകാരം ലേലം പുനരാരംഭിക്കാൻ ചൊവ്വാഴ്ച ഉത്തരവിറക്കിയത്. ലേലം നിർത്തിയതോടെ കർഷകരും ചെറുകിട വ്യാപാരികളും ബുദ്ധിമുട്ടിലായതായി കാട്ടി കാർഡമം ഡീലേഴ്സ് ചേമ്പർ കലക്ടർക്കും ഡി.എം.ഒയ്ക്കും പരാതി നൽകിയിരുന്നു. തുടർന്ന് വ്യവസ്ഥകളോടെ അനുമതി നൽകുകയായിരുന്നു. സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് സ്‌പൈസസ് പാർക്കിലെ ഇലേലം താത്കാലികമായി നിർത്തിയത്.


ലേലം വേണമെന്നും വേണ്ടെന്നും:
വ്യാപാരികൾ രണ്ടു തട്ടിൽ

ഇന്നലെ ഏലക്കാ ഇലേലത്തിൽ പങ്കെടുക്കാനെത്തിയ വ്യാപാരികൾ രണ്ടുതട്ടിലായിരുന്നു. കോവിഡ്19 ഭീതി പൂർണമായി ഒഴിവാകുന്നതുവരെ ലേലം നിർത്തിവയ്ക്കണമെന്നായിരുന്നു ഒരു വിഭാഗം വ്യാപാരികളുടെ ആവശ്യം. ഏലക്ക കയറ്റുമതി നിലച്ചിരിക്കുന്നതിനാൽ ഇപ്പോൾ നടക്കുന്ന ലേലം വില ഇടിക്കാനാണെന്നും ഇവർ ആരോപിച്ചു. വില കുറഞ്ഞാൽ ഇപ്പോൾ ഏലക്കാ സംഭരിച്ചിട്ടുള്ള വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാകും. എന്നാൽ ലേലം തുടരട്ടേയെന്നായിരുന്നു മറുവിഭാഗത്തിന്റെ നിലപാട്. ലേലത്തിൽ ഏതു വ്യാപാരികൾക്കു വേണമെങ്കിലും പങ്കെടുക്കാം. ലേലം നടന്നാൽ മാത്രമേ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയുകയുള്ളൂവെന്നും ഇവർ പറയുന്നു.


ഏലം ലേലം

ലേല ഏജൻസി: കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി
ആകെ പതിഞ്ഞത്: 30,589.8 കിലോഗ്രാം
വിറ്റുപോയത്: 28,991.4 കിലോഗ്രാം
ഉയർന്ന വില: 3026 രൂപ
ശരാശരി വില: 2382.18 രൂപ.