തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 16ന് ആരംഭിക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഒഴിവാക്കാൻ ക്ഷേത്രം ഉപദേശക സമിതിയുടെയും ഉത്സവാഘോഷ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. ആചാര്യവിധിയനുസരിച്ചും ക്ഷേത്രം തന്ത്രിയുടെ തീരുമാനമനുസരിച്ചുമുള്ള പൂജാവിധികൾക്കും ഉത്സവ സംബന്ധമായ ആചാരങ്ങൾക്കും മാറ്റമുണ്ടാവില്ല. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൾ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ഉത്സവത്തിന്റെ ഭാഗമായുള്ള പ്രത്യേക പൂജകൾ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവ യഥാവിധി നടത്താനും എതിരേൽപ്പ് എഴുന്നെള്ളത്തുകൾ നിയന്ത്രിതമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എതിരേൽപ്പിനോടനുബന്ധിച്ചുള്ള വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും പറയെടുപ്പ് നടത്തുന്നതല്ല. ഉത്സവത്തിന് മുമ്പുള്ള ചോതിയൂട്ടും ഉത്സവ ദിവസങ്ങളിലെ പ്രസാദഊട്ടും ഉപേക്ഷിച്ചിട്ടുണ്ട്.