ചെറുതോണി: പുലി പേടി വിട്ട്മാറാതെ നാരകക്കാനം. ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന നാരകക്കാനം മേഖലയിൽ സ്ഥിരമായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. ഈ പ്രദേശത്ത് ഒരു മാസത്തിനിടെ 17 വളർത്ത്നായ്ക്കൾ , ഒരു ആട്, മൂന്നു പശുകിടാക്കൾ എന്നിവയെ കൊന്നിരുന്നു. ആദ്യഘട്ടങ്ങളിൽ നായ്ക്കളെ കാണാതാകുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പ് പൊടിപാറയിൽ സാബുവിന്റെ ആടിനെ കൊന്നിരുന്നെങ്കിലും ആടിന്റെ കരച്ചിൽ കേട്ട് ഉടമ എത്തിയതോടെ മാംസം ഭക്ഷിക്കാതെ പുലി ഓടിമറഞ്ഞിരുന്നു. അന്നും അജ്ഞാത ജീവിയാണ് കൊന്നതെന്ന് നാട്ടുകാർ വിശ്വസിച്ചു. എന്നാൽ തിങ്കളാഴ്ച നാരകക്കാനം കുരിശുപാറയക്ക് സമീപം തൊഴുത്തിൽ കെട്ടിയിട്ടിരുന്ന മൂരിക്കിടാവിനെ കൊന്ന് പകുതി മാംസം ഭക്ഷിച്ചിരുന്നു. തുടർന്ന് വനപാലകരെ അറിയിച്ചു. റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലെത്തിയ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടേയം കുഞ്ഞിന്റെയും കാൽപാടുകൾ കണ്ടെത്തി. തുടർന്ന് പോസ്റ്റുമോർട്ടത്തിന്‌ശേഷം ജഡം മറവുചെയ്യുകയായിരുന്നു. സണ്ണി കാക്കനാട്ട്, ഷാജി മണ്ണാടിക്കുളം എന്നിവരുടെ പശുക്കളെയും പുലി കൊന്നിരുന്നു. വനം മന്ത്രിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈമാറിയതോടെ പുലിയെ പിടിക്കുന്നതിനായി കൂടുവയ്ക്കാൻ നിർദ്ദേശിച്ചു. അടുത്ത ദിവസം തന്നെ ഇവിടെ പുലിയെ പിടിക്കുന്നതിന് കൂടു സ്ഥാപിക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.