marayoor1

അന്വേഷിക്കാനെത്തിയ വനപാലകര്‌ക്കെതിരെ മദ്യപിച്ചെത്തിയ യുവാക്കളുടെ ആക്രമണ ശ്രമം
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ പെരടി പള്ളത്ത് ആനക്കൂട്ടത്തിന് മുൻപിൽപ്പെട്ട ബൈക്ക് യാത്രികരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.ബൈക്ക് ഓടിച്ചിരുന്ന പെരടി പള്ളം ഈശ്വര (28)നാണ് പരിക്കേറ്റത്.കൂടെയുണ്ടായിരുന്ന രാമ രാജ് ഓടി രക്ഷപ്പെട്ടു.ചൊവ്വാഴ്ച രാത്രി 7.30 നാണ് അപകടം ഉണ്ടായത്.കോവിൽക്കടവിൽ നിന്നും പെരടി പള്ളത്ത് പോകും വഴിയാണ് പെരടി പള്ളം കൊടുംവളവിൽ വച്ച് രണ്ടുപേരും ആനക്കൂട്ടത്തിന് മുൻപിൽപ്പെട്ടത്. ആനകളെ കണ്ടതും രാമരാജ് ബൈക്കിൽ നിന്നുമിറങ്ങി ഓടി രക്ഷപ്പെട്ടു. ബൈക്ക് തിരിച്ച് രക്ഷപ്പെടാൻ ഈശ്വരൻ ശ്രമിച്ചെങ്കിലും ആനകൾ അടുത്ത് എത്തുന്നത് കണ്ട് ബൈക്ക് താഴെയിട്ട് റോഡിൽ നിന്നും താഴെക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ചവുട്ടി നശിപ്പിച്ച കാട്ടാന ഈശ്വരനെ പിറകെ പോയി എങ്കിലും ഈശ്വരൻ ഒരു കിലോമീറ്റർ അകലെയുള്ള പുൽതൈലവാറ്റു കേന്ദ്രത്തിൽ അഭയം തേടി.ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ഈശ്വരനെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.പ്രാഥമിക ചികിൽസ നല്കിയതിനു ശേഷം വനം വകുപ്പിന്റെ സഹകരണത്തോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് അന്വേഷിക്കാനെത്തിയ വനപാലകരെ മദ്യപിച്ചെത്തിയ ചിലർ ആക്രമിക്കാൻ ശ്രമിച്ചു. ഈ ദ്യശ്യം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെയും മദ്യപസംഘം പോർവിളി നടത്തി.തുടർന്ന് പെരടിപള്ളം അഞ്ചുവീട് ഭാഗത്ത് ക്യാമ്പ് ഷെഡിൽ ചന്ദന സംരക്ഷണത്തിലേര്ർപെട്ടിരുന്ന താത്കാലിക വാച്ചറായ ജോസിനെമർദ്ദിക്കുകയും ചെയ്തു.

അപകടമുണ്ടായിട്ടും വനം വകുപ്പ് ജീവനക്കാർ എത്തിയില്ല എന്ന് ആരോപിച്ചാണ് മദ്യപിച്ചെത്തിയ യുവാക്കൾ വാച്ചറെ ആക്രമിച്ചത്. വിവരമറിഞ്ഞ് കൂടുതൽ വനം വകുപ്പ് ജീവനക്കാരും എത്തിയതോടു കൂടി രംഗം ശാന്തമായി. മുമ്പും നിരവധി തവണ വനം വകുപ്പ് ജീവനക്കാർക്കെതിരെ ആക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.മറയൂർ പൊലീസ് കണ്ടാലറിയാവുന്ന യുവാക്കളുടെ പേരിൽ കേസ്സെടുത്തു.