തൊടുപുഴ: ഈ ഭരണസമിതിയുടെ കാലയളവിലെ നാലാമത് ചെയർപേഴ്സണായി കോൺഗ്രസ് പ്രതിനിധി സിസിലി ജോസ് തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ഏക വനിത അംഗമായ സിസിലി ജോസും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ ചെയർപേഴ്‌സണും സി.പി.എം അംഗവുമായ മിനി മധുവും ബി.ജെ.പി സ്ഥാനാർഥിയായി ബിന്ദു പത്മകുമാറുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. 35 അംഗ കൗൺസിലിൽ യു.ഡി.എഫ് 14, എൽ.ഡി.എഫ് 13, ബി.ജെ.പി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. ആദ്യഘട്ട വോട്ടെടുപ്പിൽ വൈസ് ചെയർമാൻ എം.കെ ഷാഹുൽ ഹമീദ് ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ വിട്ടുപോയതോടെ വോട്ട് അസാധുവാകുകയായിരുന്നു. ഇതോടെ എൽ.ഡി.എഫ്-13, യു.ഡി.എഫ്-13, ബി.ജെ.പി- 8 എന്ന നിലയിലായി. തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥിയെ ഒഴിവാക്കി നടത്തിയ രണ്ടാംഘട്ട വോട്ടെടുപ്പിൽ സിസിലി ജോസ് 14 വോട്ട് നേടി വിജയിക്കുകയായിരുന്നു. മിനി മധുവിന് 13 വോട്ട് ലഭിച്ചു. പുതിയ ചെയർപഴ്‌സണ് ഇനി എട്ടു മാസത്തോളമാണ് ഭരണം ലഭിക്കുക. വരണാധികാരിയായിരുന്ന ഇടുക്കി ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ സിസിലി ജോസ് അധികാരമേറ്റെടുത്തു. നഗരസഭ 26-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന സിസിലി ജോസ് അറയ്ക്കപ്പാറ പാലിയത്ത് അഡ്വ. ജോസിന്റെ ഭാര്യയാണ്. 2005- 2010 കാലഘട്ടത്തിൽ ഇതേ വാർഡിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുത്തിരുന്നു. റിട്ട. അദ്ധ്യാപികയായ സിസിലി ജോസ് 2006ൽ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്നാണ് അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത്. ജോസ്ലിൻ, ജെസ്ലിൻ, കാർളിൻ, എഡ്‌വിൻ എന്നിവരാണ് മക്കൾ.
ചരിത്രം ആവർത്തിച്ചില്ല
ലീഗ് പ്രതിനിധായിരുന്ന സഫിയ ജബ്ബാർ രാജി വച്ചതിനെ തുടർന്ന് 2018 ജൂൺ 18ന് നടന്ന ചെയർപഴ്‌സൺ തിരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസ് വൈസ് ചെയർമാനായിരുന്ന ടി.കെ. സുധാകരൻ നായരുടെ വോട്ട് അസാധുവായതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് വന്നിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിക്കുകയും ചെയ്തിരുന്നു. അന്ന് രണ്ടാംഘട്ട വോട്ടെടുപ്പിലാണ് വൈസ് ചെയർമാന്റെ വോട്ട് അസാധുവായത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ വൈസ് ചെയർമാന്റെ വോട്ട് അസാധുവായതുകൊണ്ടു മാത്രമാണ് യു.ഡി.എഫ് വലിയ പ്രതിസന്ധിയെ അതിജീവിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്തിയില്ലായിരുന്നെങ്കിൽ നറുക്കെടുപ്പിലൂടെ ചെയർപേഴ്‌സണെ കണ്ടെത്തേണ്ടി വരുമായിരുന്നു.