തൊടുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ കുടിവെള്ളപദ്ധതി യാഥാർത്ഥ്യമായി. വ്യാഴാഴ്ച ട്രയൽ റൺ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായ ട്രാൻസ്‌ഫോമറിലേക്ക് കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകിയതോടെയാണ് ജനങ്ങളുടെ കാത്തിരുപ്പിന് വിരാമമായത്. രണ്ടുദിവസത്തിനുള്ളിൽ പമ്പ് ഹൗസിലും വൈദ്യുതി കണക്ഷനാകും. പത്തു ദിവസത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തും. അനുബന്ധ സംവിധാനങ്ങളെല്ലാം പൂർത്തിയായെങ്കിലും കെ.എസ്.ഇ.ബിക്ക് ജലഅതോറിട്ടി തൊടുപുഴ ഡിവിഷൻ നൽകാനുണ്ടായിരുന്ന 50,84,934 രൂപയുടെ വൈദ്യുതി ബിൽ കുടിശികയായിരുന്നു പദ്ധതി കമ്മിഷൻ ചെയ്യാൻ തടസം. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്റെ നേതൃത്വത്തിൽ വൈദ്യുതിമന്ത്രി എം.എം. മണിയ്ക്ക് നിവേദനം നൽകി. ഇതോടെയാണ് വിവിധ തലങ്ങളിൽ ചർച്ച നടത്തി കുടിശിക തുക തവണകളായി അടയ്ക്കാൻ മന്ത്രി നിർദേശിച്ചത്. ഇക്കാര്യം ജല അതോറിറ്റി അംഗീകരിച്ചു. സെക്യൂരിറ്റി ഇനത്തിലുള്ള 6,41, 450 രൂപ അടയ്ക്കാമെന്നും ജല അതോറിട്ടി അറിയിച്ചു.
നിരവധി പേർക്ക് ആശ്വാസം
കുടിവെള്ള ദൗർലഭ്യം നേരിടുന്ന പഞ്ചായത്തിൽ 2016 ലാണ് 25 കോടി രൂപ ചെലവിൽ ശുദ്ധജലവിതരണ പദ്ധതിക്ക് ജല അതോറിറ്റി തുടക്കംകുറിച്ചത്. കാഞ്ഞാറിൽ മലങ്കര ജലാശയത്തിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഞരളംപുഴയിലെ ശുദ്ധീകരണശാലയിലും തുടർന്ന് വിവിധയിടങ്ങളിൽ പൂർത്തിയാക്കിയ സംഭരണികളിലേക്കും എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. കാഞ്ഞാർ, വെള്ളിയാമറ്റം, പൂച്ചപ്ര, ഇളംദേശം, പന്നിമറ്റം എന്നീ മേഖലകളിലെ കുടിവെള്ളക്ഷാമമുള്ള നിരവധി കുടുംബങ്ങൾക്ക് പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം എത്തും.