തൊടുപുഴ: ജില്ലയിൽ കോറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 442 ആയി. ഇവരിൽ 70 പേർ വിദേശികളാണ്. രോഗലക്ഷണങ്ങളുള്ള ഒരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്നലെ വരെ 374 പേരായിരുന്നു വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇവരിൽ എട്ട് പേർ ഇന്ന് മോചിതരായപ്പോൾ 76 പേരാണ് പുതിയതായി നിരീക്ഷണത്തിലായത്. ഇന്നലെ നാല് പേരുടെ ശരീരസ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതോടെ സ്രവങ്ങൾ പരിശോധനയ്ക്കെടുത്തവരുടെ എണ്ണം 31ആയി. ഇതുവരെ 18 പേരുടെ ഫലം വന്നതും നെഗറ്റീവാണ്. ഇനി 13 പേരുടെ ഫലമാണ് വരാനുള്ളത്.
നിരീക്ഷണത്തിലുള്ളത് തൊടുപുഴ സ്വദേശി
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നത് തൊടുപുഴ സ്വദേശി. കുമളിയിലെ റിസോർട്ടിൽ ജോലി ചെയ്യുന്ന ഇയാൾ ഇവിടെ വിനോദസഞ്ചാരികളായെത്തിയ വിദേശികളുമായി സമ്പർക്കം പുലർത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ശരീരസ്രവമെടുത്ത് പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു. പനിയുണ്ടെങ്കിലും ഇയാൾക്ക് കൊറോണ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രാജകുമാരിയിൽ നിന്ന് രോഗലക്ഷണങ്ങളുള്ള ഒരാളെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ശരീരസ്രവം പരിശോധനയ്ക്കെടുത്ത ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായി വിട്ടു.