തൊടുപുഴ: വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 1000 കത്തുകൾ അയക്കും. നോട്ട് നിരോധനവും ജി.എസ്.ടിയും പ്രളയവും മൂലം തകർന്നുകൊണ്ടിരുന്ന വ്യാപാര മേഖലയെ കോറോണ പൂർണമായും തകർത്തെറിഞ്ഞു. ഇതിൽ നിന്ന് കരകയറണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. പ്രത്യേകിച്ച് ചെറുകിട വ്യാപാര മേഖല. കാർഷിക മേഖലയുടെ തകർച്ചയും കർഷക ആത്മഹത്യയും ഉണ്ടായി. ഇതേ പാതയിലാണ് വ്യാപാര മേഖലയും വ്യവസായികളും തൊഴിലാളികളും ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഈ അവസ്ഥയ്ക്കൊരു പരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തുകൾ അയക്കുന്നത്. പ്രസിഡന്റ് ടി.സി. രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, ട്രഷറർ പി.ജി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങൾ

1. ബാങ്ക് ലോണുകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയവും പലിശ ഇളവും നൽകുക


2. വ്യാപാരി ക്ഷേമനിധി പെൻഷൻ കുടിശ്ശിഖ ഉടൻ നൽകുക


3. എല്ലാ സർക്കാർ ആഫീസുകളിലും ഇളവ് അനുവദിക്കുക

4. ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുക. ലേറ്റ് ഫീയും പിഴപ്പലിശയും ഒഴിവാക്കുക