കട്ടപ്പന: വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് പെരുന്തേനീച്ചയുടെ ആക്രമണം. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി എബിൻ വർഗീസ്, പത്താം ക്ലാസ് വിദ്യാർത്ഥി ജെറിൻ ഫ്രാൻസിസ് എന്നിവർക്ക് പരീക്ഷ എഴുതാനായില്ല. ഇന്നലെ രാവിലെ പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് കുട്ടികൾ ക്ലാസിൽ പ്രവേശിക്കുന്നതിനിടെയാണ് സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ഷെയ്ഡിലുള്ള കൂട്ടിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് തേനീച്ച ഇളകി കുട്ടികളെ ആക്രമിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി കുത്തേറ്റ വിദ്യാർത്ഥികളെ പുറ്റടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് തേനീച്ചക്കൂട് സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.