ചെറുതോണി: കൊറോണ ഭീതിക്കിടയിലും അതിർത്തി തർക്കത്തിന്റെ പേരിൽ യാക്കോബായ - ഓർത്തഡോക്സ് സഭാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കഞ്ഞികുഴി കത്തിപ്പാറത്തടം യാക്കോബായ സുറിയാനി പള്ളിയിൽ ആണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തിയത്. ഇതിനെ
തുടർന്ന് കഞ്ഞിക്കുഴി സി.ഐ അലക്സാണ്ടർ വർഗീസിന്റെ നേതൃത്വത്തിൽ ഇടുക്കി മുരിക്കാശേരി, കാളിയാർ, കാഞ്ഞാർ, കുളമാവ്, സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസിന്റെ നേതൃത്വത്തിൽ ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 10ന് മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് ഓർത്തഡോക്സ് വിഭാഗം പള്ളി പണിയുന്നതിന് സ്ഥലം നിരപ്പാക്കാനെത്തിയത് യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. വിവരമറിഞ്ഞ് കൂടുതലാളുകളെത്തി കയ്യാങ്കളിയിലേയ്‌ക്കെത്തുന്നതിന് മുമ്പ് കുടുതൽ പൊലീസെത്തി പ്രതികളെ അറസറ്റ് ചെയ്തു നീക്കുകയായിരുന്നു. സ്ത്രീകളുൾപ്പെടെ 11 പേരെയാണ് അറസ്റ്റുചെയ്തത്. 2006 ലാണ് പള്ളി സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമാരംഭിച്ചത്. അന്നുമുതൽ ഒട്ടേറെ കേസുകൾ ഇരുവിഭാഗവും നൽകിയിരുന്നു. ഇപ്പോൾ പള്ളിയുടെ പേരിലുള്ള രണ്ടേക്കർ സ്ഥലം തങ്ങൾക്ക് കോടതി അനുവദിച്ചു നൽകിയതായും പള്ളി നിർമിക്കുന്നതിന് പഞ്ചായത്ത് പെർമിറ്റു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളി പണിയാരംഭിച്ചതെന്ന് ഓർത്തഡോക്സ് വിഭാഗം വികാരി ഗീവർഗീസ് റമ്പാൻ പറഞ്ഞു. എന്നാൽ നിലവിൽ വിധിയ്‌ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ടെന്നും വിചാരണ നടന്നുകൊണ്ടിരിക്കുകയാണന്നും കോടതി വിധിയ്ക്കു വിധേയമായി മാത്രമേ നിർമാണം നടത്താനാവൂ എന്ന് പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിനാലാണ് നിർമാണം തടഞ്ഞതെന്ന് യാക്കോബായ വിഭാഗം വികാരി ഫാ. മനോജ് വർഗീസ് ഈരാംചേരിൽ പറഞ്ഞു. അന്തിമ വിധി വരാതെ നിർമാണം അനുവദിയ്ക്കുകയില്ലന്ന് യാക്കോബായ വിഭാഗം പറഞ്ഞു. ഇതിനിടെ കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ നിർമാണം നിറുത്തിവയ്ക്കണമെന്ന് കഞ്ഞിക്കുഴി മെഡിക്കൽ ഓഫീസർ നിർമാണ കമ്മറ്റിയ്ക്ക് രേഖാമൂലം കത്തു നൽകി. സംഘർഷത്തിനിടെ വികലാംഗനെ മർദ്ദിച്ചുവെന്നും തള്ളിയിട്ടതനെ തുടർന്ന് പരുക്കേറ്റുവെന്നുമാരോപിച്ച് ഈരാച്ചേരിൽ മാത്യു വർഗീസ്(40)നെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.