മൂന്നാർ: ഹോട്ടലുകളിലും മറ്റും നിരീക്ഷണത്തിലിരിക്കുന്ന വിദേശികളെ പുറത്തുവിട്ടാൽ ഉടമകൾക്കെതിരെയും ചുറ്റിക്കറങ്ങാൻ ഇരുചക്രവാഹനങ്ങൾ നൽകുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ്‌കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു. മൂന്നാറിലെത്തുന്ന സഞ്ചാരികളെ പരിശോധിക്കാൻ പത്തംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടീ കൗണ്ടിയിലെ രോഗലക്ഷണങ്ങളുള്ള ആറ് ജീവനക്കാരുടെ സ്രവം പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. ഇവിടെ രണ്ട് ഉത്തരേന്ത്യക്കാരായ അതിഥികളടക്കം 77 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവിടത്തെ ജീവനക്കാരും ടാറ്റാ ടീ ആശുപത്രിയിലെ ഡോക്ടറും നഴ്സും അടിമാലിയിലെ ഹോട്ടൽ ജീവനക്കാരുമടക്കം 23 പേരാണ് കൊറോണ ബാധിതനായ യു.കെ പൗരനുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടത്.