പീരുമേട്: മദ്യലഹരിയിൽ പിതാവിനെ ആക്രമിക്കാനൊരുങ്ങിയ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. വണ്ടിപ്പെരിയാറിനു സമീപം മ്ലാമലയിലായിരുന്നു സംഭവം. പള്ളിക്കട കോട്ടയിൽ സുബിൻ സെബാസ്റ്റ്യ (30) നാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുബിന്റെ അനുജൻ ബിബിൻ (28) ഒളിവിലാണ്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ സുബിൻ പിതാവുമായി വഴക്കുണ്ടാക്കി. ഇതിനിടെ തടി മുറിക്കുന്ന മിഷൻ വാളുപയോഗിച്ച് സുബിൻ പിതാവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് കണ്ടു നിന്ന ബിബിൻ സുബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, കട്ടപ്പന ഡിവൈ.എസ്.പി. സി.എൻ. രാജ്‌മോഹൻ, സി. ഐ ടി. സുനിൽകുമാർ എന്നിവർ സംഭവ സ്ഥലത്തെത്തി.