തൊടുപുഴ: കൊറോണ പ്രതിരോധിക്കാനുളള അതിജാഗ്രതയോടെയും ജനം പരക്കം പായുന്ന അവസ്ഥയിൽ കടുത്ത ചൂട് ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു. നഗരമെന്നോ നാട്ടുന്പുറമെന്നോ വ്യത്യാസമില്ലാതെയാണ് ഭീതിയും ജാഗ്ര തയിലും ജനം ഓരോ നിമിഷവും കഴിച്ച് കൂട്ടുന്നതും.ഇതിനിടയിൽ കടുത്ത വേനൽ ചൂട് ജനത്തിനെ ശരിക്കും വട്ടം കറക്കുകയാണ്. പകൽ സമയങ്ങളിൽ ഏകദേശം രാവിലെ 10 ന് ആരംഭിക്കുന്ന വേനൽചൂട് വൈകിട്ട് 6 നും അവസാനിക്കാതെ നേരം പുലർച്ച വരെ തുടരും.മുൻ കാലങ്ങളിൽ ഉച്ച നേരത്തുണ്ടാവുന്ന ചൂട് വൈകിട്ട് 5 മണിയോടെ അവസാനിച്ചിരുന്നു.രാത്രി കാലങ്ങളിൽ ഇപ്പോഴുളളത് പോലെ അതികഠിനമായ ചൂട് കുറവായിരുന്നു എന്നത് പഴമക്കാരായ ആളുകളും പറയുന്നു.

ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ-

ഓരോ ദിവസം കഴിയുന്തോറും വേനൽചൂട് ഹൈറേഞ്ചിലും ലോറേഞ്ചിലും താങ്ങാവുന്നതിലും അപ്പുറമാവുകയാണ്. പകൽ സമയങ്ങളിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാതെ മിക്കവരും വീടിനുളളിൽ കഴിച്ച് കൂടുന്ന അവസ്ഥയാണ് ഏതാനും മാസങ്ങളായി തുടരുന്നതും.അസഹ്യമായ വേനൽ ചൂടിന്റെ കാഠിന്യത്താൽ പുറം ജോലി ചെയ്യുന്ന വരുടെ ജോലി സമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവായത് ഏറെ സഹായകരവുമാണ്.മരങ്ങളും വൃക്ഷങ്ങളും കാർഷികോൽപ്പന്നങ്ങളും പൊളളുന്ന ചൂടിൽ കരിഞ്ഞുണങ്ങി ലക്ഷങ്ങളുടെ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്.പൊളളുന്ന ചൂടിൽ പശു,​ആട്,​എരുമ.കോഴി ഇവയുടെ കാര്യവും ഏറെ പരിതാപകരമാണ്.കടുത്ത വേനലിൽ ജില്ലയുടെ ചില സ്ഥലങ്ങളിൽ മൃഗങ്ങൾ ചത്തൊടുങ്ങുന്നതും പതിവ് സംഗതികളാണ്.പാലുല്പാദനത്തിലും ഗണ്യമായ കുറവാണ്.

ആശ്വസമേകി

വേനൽമഴ

ഇന്നലെ വൈകിട്ട് ആറ് മണിയോടെ തൊടുപുഴയിലും പരിസരപ്രദശങ്ങളിലും വേനൽമഴ ലഭിച്ചു. ശക്തമായ കാഷിനൊപ്പം മഴ അരമണിക്കൂറിലേറെ നിർത്താതെ പെയ്തു. കടുത്ത ചൂടിൽനിന്ന് തെല്ല് ആശ്വാസം നൽകുന്നതായിരുന്നു മഴ.

ഇന്നലത്തെ താപ നില -

തൊടുപുഴ -37 ഡി. സെ.

പീരുമേട് - 30 ഡി. സെ.

തേക്കടി -31 ഡി. സെ.

ചെറുതോണി - 33 ഡി. സെ.

കട്ടപ്പന - 32 ഡി. സെ.

നെടുംകണ്ടം -33 ഡി. സെ.

കുമളി - 31 ഡി. സെ.

മൂന്നാർ - 26 ഡി. സെ.