കട്ടപ്പന: കട്ടപ്പന നഗരസഭ ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ ബഹളം. എൽ.ഡി.എഫ്. അംഗങ്ങൾ ബജറ്റ് കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. തട്ടിക്കൂട്ട് ബജറ്റാണെന്നും പഴയ പദ്ധതികൾ പൊടിതട്ടിയെടുത്ത് തുക വർധിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. രണ്ട് ബി.ജെ.പി. അംഗങ്ങളും ബജറ്റിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ ചർച്ച ബഹിഷ്‌കരിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ ചേർന്ന് ബജറ്റ് പാസാക്കി. ധനകാര്യ സമിതിയിൽ ആലോചിക്കാതെ ഏകപക്ഷീയമായി ബജറ്റ് തയാറാക്കിയതിനെതിരെ തുടർ പ്രതിഷേധം നടത്തുമെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു. ബജറ്റിൽ കാർഷിക, ക്ഷീര, മൃഗസംരക്ഷണ മേഖലകളെ പാടെ അവഗണിച്ചതായി എൽ.ഡി.എഫ് ആരോപിച്ചു. 109 കോടി രൂപയുടെ ബജറ്റിൽ കാർഷിക മേഖലയ്ക്ക് 47 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നഗരസഭ പരിധിയിലെ നീർത്തടങ്ങൾ സംരക്ഷിക്കാനും തുക അനുവദിച്ചിട്ടില്ല. പഴയ ബജറ്റിലെ പദ്ധതികൾ ഇതുവരെയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നഗരസഭ കാന്റീൻ, ബസ് സ്റ്റാൻഡ് കോംപ്ലക്‌സ് രണ്ടാംനില നിർമാണം തുടങ്ങിയ പ്രധാന പദ്ധതികൾ നടപ്പാക്കിയില്ല. പാർക്കുകൾക്കും സ്‌റ്റേഡിയത്തിനും കഴിഞ്ഞ തവണയും തുക അനുവദിച്ചിരുന്നെങ്കിലും പ്രാരംഭ നടപടിപോലും ആയില്ല. നഗരത്തിലെ ഗതാഗത പരിഷ്‌കരണം പാളി. കഴിഞ്ഞവർഷം നടപ്പാക്കിയ കോട്ടൺ കാരി ബാഗ് നിർമാണ യൂണിറ്റ് പ്രവർത്തനരഹിതമാണ്. . നാടിന്റെ പുരോഗതിക്കായി പദ്ധതികൾ ഒന്നുമില്ലെന്നും സി.കെ. മോഹനൻ, ഗിരീഷ് മാലിയിൽ, കെ.പി. സുമോദ്, എം.സി. ബിജു, ബെന്നി കുര്യൻ, ടിജി എം.രാജു തുടങ്ങിയവർ ആരോപിച്ചു.