ചെറുതോണി: വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളിൽകൂടി കടന്നുപോകുന്ന തീയേറ്റർപടി-താന്നിക്കണ്ടം-വാഴത്തോപ്പ്-തടിയമ്പാട്-മരിയാപുരം റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണത്തിനായി 19 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള റോഡിന്റെ വിവിധയിടങ്ങളിൽ കിഫ്ബി പദ്ധതി പ്രകാരം ലഭ്യമാകേണ്ട 10 മീറ്റർ വീതി ലഭിക്കാത്തതാണ് പദ്ധതി വൈകുന്നതിന് കാരണമായത്. 8 മീറ്റർ വീതിയിൽ അനുമതി നൽകുമെന്ന പ്രതീക്ഷയിൽ പൊതുമരാമത്ത് വകുപ്പ് സർവ്വെ നടത്തി പ്രൊജക്ട് റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. എന്നാൽ കിഫ്ബി പദ്ധതിയിൽ 10 മീറ്റർ വീതി ആവശ്യമാണെന്ന് കാണിച്ച് പ്രൊജക്ട് തള്ളുകയായിരുന്നു. എംഎൽഎയുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും വിവിധ കക്ഷി നേതാക്കളുടെയും നേതൃത്വത്തിൽ റോഡ് സന്ദർശിച്ചു. 10 മീറ്റർ വീതിയിൽ സർവ്വെ നടത്തി റിപ്പോർട്ട് നൽകുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആവശ്യമായ വീതി ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നാടിന്റെ വികസനത്തിനും ഉന്നമനത്തിനും ഏറെ സഹായകരമാകുന്ന ഈ റോഡിന്റെ നിർമ്മാണം പ്രദേശവാസികൾ ഏറെ ആകാംഷയോടെയാണ് കാണുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകൾ റോഡ് പൊതുമാരമത്തിന് കൈമാറുന്നതിന് സന്നദ്ധത അറിയിച്ചുകൊണ്ട് കമ്മിറ്റി തീരുമാനങ്ങളും ഇതിനോടകം നൽകിയിരുന്നു. നിശ്ചിതകാലയളവിൽ റോഡ് മെയിന്റനൻസ് നടത്താതിരുന്നതിനാൽ ഗതാഗതം ഇപ്പോൾ ഏറെ ദുഷ്‌കരമാണ്. ഈ റോഡിന്റെ വിവിധയിടങ്ങളിൽ മറ്റുപദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയിട്ടുള്ളതിനാൽ അനുവദിച്ചിട്ടുള്ള തുക വിനിയോഗിച്ച് ശേഷിക്കുന്ന ഭാഗം മികച്ച നിലവാരത്തിൽ നിർമ്മിക്കാനാകും. കാലതാമസം കൂടാതെ സർവ്വെ നടത്തി പുതിയ വിശദമായ എസ്റ്റിമേറ്റ് നൽകി കുറഞ്ഞ സമയപരിധിക്കുള്ളിൽ പദ്ധതി നടപ്പിലാക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.