തൊടുപുഴ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ പേരിൽ രാജ്യം പ്രാബല്യത്തിൽ വരുത്തിയ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള യാത്രാ നിരോധനം വിവിധ രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ബുദ്ധിമുണ്ടാക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. ലോക്‌സഭയിൽ പറഞ്ഞു. അടിയന്തിര പ്രമേയത്തിനായി അനുമതി നിഷേധിച്ചതിനാൽ സീറോ അവറിലാണ് എം.പി പ്രശ്‌നമുന്നയിച്ചത്. ക്വലാലംപൂരിൽ നിന്നും ഒരു വിമാനം മാത്രമാണ് ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഫിലിപ്പൈൻസിലും ഇതേ അവസ്ഥയാണ്. എന്തു ചെയ്യണമെന്നറിയാതെ ഇന്ത്യാക്കാർ ഭയാശങ്കയിലാണ്. ഇറ്റലി ഉൾപ്പടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും, സിംഗപ്പൂർ, മാൾട്ട, മാൾഡോവ, അർമേനിയ എന്നീ രാജ്യങ്ങളിൽ നിന്നും തിരികെ വരാൻ കാത്തു നിൽക്കുന്നവർക്ക് വേണ്ടി പ്രത്യേക യാത്രാസജ്ജീകരണം ഏർപ്പെടുത്തണം. അടിയന്തിരമായി പ്രത്യേക വിമാനം അയയ്ക്കുന്നതിന് തയ്യാറാകണം. ഒരോ രാജ്യങ്ങളിലെ എംബസികളിൽ നിന്നും, അതാതിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക്, താമസ സൗകര്യവും, ആരോഗ്യ പരിരക്ഷയും ഏർപ്പെടുത്താൻ തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് സീറോ അവറിൽ ആവശ്യപ്പെട്ടു.