poly
പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജ് തയാറാക്കിയ സാനിറ്റൈസർ ജില്ലാ കളക്ടർ എച്ച്. ദിനേശനെ ഏൽപ്പിക്കുന്നു

ഇടുക്കി :: സ്വന്തം കെമിസ്ട്രി ലാബിൽ സാനിറ്റൈസർ തയാറാക്കി ബ്രേക്ക് ദ കാമ്പയിൻ പരിപാടിയിൽ പങ്കാളികളായി പുറപ്പുഴ ഗവ. പോളിടെക്‌നിക് കോളേജും.കളക്ടറുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം എൽ എ നൂറ് ബോട്ടിൽ സാനിറ്റൈസർ ജില്ലാ കളക്ടർ എച്ച് ദിനേശനെ ഏൽപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃക പകരുന്ന നടപടിയിലൂടെ പുറപ്പുഴ പോളിടെക്‌നിക് കോവിഡിനെ അകറ്റുന്നതിനുള്ള യത്‌നത്തിൽ പങ്കാളിയായിരിക്കുകയാണെന്ന് റോഷി അഗസ്റ്റിൻ എം എൽ എ പറഞ്ഞു. . ഡി. എം ഒ ഡോ. എൻ. പ്രിയ, ഡോ. സുരേഷ് തുടങ്ങിയവരും പോളിടെക്‌നിക്ക് പ്രതിനിധികളും പങ്കെടുത്തു.
കെമിസ്ട്രി അസി. പ്രൊഫ. എബി കെ. ജോസിന്റെ നേതൃത്വത്തിലാണ് സ്വന്തമായി സാനിറ്റൈസർ നിർമിക്കാനുള്ള യത്‌നം ആരംഭിച്ചത്. മറ്റ് അദ്ധ്യാപകരായ കെ. ഷിജു, എം എസ് അതുൽ, ജോസ് വി. ഫ്രാൻസിസ് എന്നിവരും അമ്പതോളം ജീവനക്കാരും പിന്തുണയുമായി രംഗത്തിറങ്ങി. നിശ്ചിത അനുപാതത്തിൽ ഐസോപ്രൊപ്പലൈൻ ആൽക്കഹോൾ, ഹൈഡ്രജൻ പെറോക്‌സൈഡ്, ഗ്‌ളിസറോൾ എന്നിവയും വെള്ളവും ചേർത്താണ് സാനിറ്റൈസർ തയാറാക്കിയത്. സൗജന്യമായി വിതരണത്തിനായാണ് ഇവർ സാനിറ്റൈസർ തയാറാക്കുന്നത്. ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ സാനിറ്റൈസർ ഉത്പ്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പുറപ്പുഴ പോളിടെക്‌നിക് കോളേജ്.