kmly
പൊലീസും പൊതുജനവും ചേർന്ന് കുമളി ടൗണും ബസ് സ്റ്റാന്റും കഴുകി ശുചീകരിക്കുന്നു.

ഇടുക്കി : പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊലീസും ആരോഗ്യ പ്രവർത്തകരും പഞ്ചായത്തും മുന്നിട്ടിറങ്ങിയപ്പോൾ കക്ഷിരാഷ്ട്രീയഭേദമെന്യേ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ടാക്‌സി തൊഴിലാളികളും നാട്ടുകാരും അവർക്കൊപ്പം ഏകമനസോടെ ചേർന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കുമളി സി. ഐ വി.കെ.ജയപ്രകാശ്, എസ് ഐമാരായ പ്രശാന്ത് .പി.നായർ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ശുചീകരണത്തിനെത്തിയത്. ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചാണ് ടൗണും ബസ് സ്റ്റാന്റും ടാക്‌സി സ്റ്റാന്റും കഴുകി വൃത്തിയാക്കിയത്. സംസ്ഥാന അതിർത്തി മേഖലയായ കുമളി ചെക്ക് പോസ്റ്റ് വഴി ആയിരക്കണക്കിനാളുകളാണ് ദിനവും കടന്നു പോകുന്നത്. തേക്കടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും വിവിധ റിസോർട്ടുകളിലേക്കുമായി വിദേശ, സ്വദേശ വിനോദ സഞ്ചാരികളും അന്യസംസ്ഥാനത്തു നിന്നുള്ള ശബരിമല തീർത്ഥാടകരും എത്തുന്ന പ്രധാന കേന്ദ്രമാണ് കുമളി . അതു കൊണ്ടു തന്നെ ഈ മേഖലയിൽ അതീവ ആരോഗ്യജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്. ശുചീകരണ ശേഷം വൈറസ് പ്രതിരോധ ബോധവത്ക്കരണം, കൈ കഴുകുന്ന രീതികൾ എന്നിവയെ കുറിച്ചു പൊതുജനങ്ങൾക്ക് ക്ലാസും നൽകി.