കരിങ്കുന്നം: പഞ്ചായത്തിലെ 2020-21 വർഷത്തെ ബഡ്ജറ്റിന് ഭരണസമിതി അംഗീകാരം. പ്രസിഡന്റ് ബിന്ദു ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോജി എടാമ്പുറമാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 13689209.41 രൂപ പ്രാരംഭ ബാക്കിയും 85135000 രൂപ വരവും ഉൾപ്പെടെ 98824209.41 ആകെവരവും 84496000 രൂപ ചെലവും 14328209.41 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനും ആരോഗ്യ മേഖലയ്ക്കും ഉന്നൽ നൽകുന്നു. തുടർച്ചയായി മൂന്നാം വർഷവും 100 ശതമാനം നികുതി പിരിവ് ലക്ഷ്യമിടുന്നു. പശ്ചാത്തല മേഖല 1.22 കോടി, ആരോഗ്യ മേഖല 22 ലക്ഷം, കാർഷിക മേഖല 51 ലക്ഷം, വിദ്യാഭ്യാസം 13.5 ലക്ഷം, ശുചിത്വ മാലിന്യ സംസ്‌കരണം ഏഴ് ലക്ഷം, ഭവന നിർമാണം 24.5 ലക്ഷം, വൃദ്ധക്ഷേമപരിപാടി 8.5 ലക്ഷം, അനിവാര്യ മേഖല 23 ലക്ഷം എന്നിങ്ങനെയാണ് വിവിധ മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമാക്കുന്നതിന് 20 ലക്ഷം അധികം വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിന് ദുരിതാശ്വാസനിധി രൂപീകരിക്കുന്നതിനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു.