കട്ടപ്പന: മാദ്ധ്യമ പ്രവർത്തകൻ പി.എൻ. സൽജിക്കു നേരെയുണ്ടായ അതിക്രമത്തിൽ കട്ടപ്പനയിലെ മാദ്ധ്യമ പ്രവർത്തക കൂട്ടായ്മ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന് പരാതി നൽകി. കഴിഞ്ഞ 17ന് കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് പുല്ലുകണ്ടത്താണ് സംഭവം. ഗണപതിപ്ലാക്കൽ സണ്ണി മാത്യുവിന്റെ വീട് ബാങ്ക് ജപ്തി ചെയ്യാനായി എത്തിയിരുന്നു. സണ്ണിയും കുടുംബാംഗങ്ങളും സ്ഥലത്തില്ലാത്ത സമയത്ത് വീട് കുത്തിത്തുറക്കാൻ ബാങ്ക് അധികൃതർ ശ്രമിക്കുന്നതിനിടെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു. ജനപ്രതിനിധികൾ വിളിച്ചറിയിച്ചതനുസരിച്ച്ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ജപ്തി നടപടിക്കെത്തിയ കമ്മിഷനിൽപെട്ട രണ്ട്പേർ ചേർന്ന് കാമറ തട്ടിപ്പറിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. നാട്ടുകാരാണ് സൽജിയെ രക്ഷപ്പെടുത്തി തിരിച്ചയച്ചത്. സംഭവത്തിൽ കട്ടപ്പനയിലെ മാധ്യമ പ്രവർത്തക കൂട്ടായ്മ പ്രതിഷേധിച്ചു. പ്രസിഡന്റ് തോമസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൻസ് സജീവ്, ബെന്നി കളപ്പുരയ്ക്കൽ, പി.ഡി. സനീഷ്, അജിൻ അപ്പുക്കുട്ടൻ, സിറിൽ ലൂക്കോസ്, അഖിൽ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.