martil

ഇളംദേശം :ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ദ്വിദിന ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. ഓട്ടോടാക്‌സി ജീവനക്കാർക്ക് മാസ്‌ക് വിതരണം, ഹാന്റ് സാനിറ്റൈസർ, ഹാന്റ് വാഷ് പ്രചരണം, ബോധവത്കരണ ക്ലാസ് എന്നിവ ഉൾപ്പെടുത്തിയാണ് പ്രചരണം നടത്തുന്നത്. ഇളംദേശം സി.എച്ച്.സി യിലേയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പി.എച്ച്.സി. കളിലേയും ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഴ്‌സുമാർ എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി. പ്രചരണ പരിപാടി ഇളംദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് സോമി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചൻ യാത്രക്കാർക്ക് കൈകളിൽ സാനിറ്ററേഷൻ നടത്തി. ഡോ.അജ്മൽ ബ്രേക്ക് ദ ചെയിൻ വിഷയത്തിൽ ക്ലാസ് നടത്തി. സ്റ്റാഫ് നഴ്‌സ് ക്രിസ്റ്റി സാമുവൽ ഹാന്റ് വാഷ് ടെക്‌നിക് പ്രദർശനം നടത്തി. വാർഡ് മെമ്പർ സി.ജി. അഞ്ജു, ജോ. ബി.ഡി.ഒ. കെ. ജയ്‌മോൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി. സിയാദ് എന്നിവർ പ്രസംഗിച്ചു. ആദ്യ ദിനത്തിൽ വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട്, കരിമണ്ണൂർ പഞ്ചായത്തുകളിൽ നിരവധി കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രണ്ടാം ദിനത്തിൽ കോടിക്കുളം, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിൽ പര്യടനം നടത്തും.