ഇടുക്കി : കൊറോണ രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾക്കായി തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ എത്തുന്നത് പരിമിതപ്പെടുത്തി. എന്നാൽ പകരം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും നൽകുന്ന രജിസ്ട്രഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും നിലവിൽ ഓൺലൈനായി ലഭ്യമാണ്. ഈ സേവനങ്ങലെല്ലാം www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം. 2020 ജനുവരി , ഫെബ്രുവരി മാസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് ഗ്രേസ് പിരീഡ് ഉൾപ്പെടെ യഥാക്രമം മാർച്ച്, ഏപ്രിൽ മാസം വരെ സാധാരണഗതിയിൽ പുതുക്കാം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് അത്തരം എല്ലാ പുതുക്കലുകളും മേയ് 31 വരെ ചെയ്യാൻ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം. രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും വെബ്‌സൈറ്റ് വഴി ഓൺലൈനായി നിർവ്വഹിക്കാവുന്നതും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താൽ മതിയാകുന്നതുമാണ്. മാർച്ച് ഒന്നു മുതൽ മെയ് 29 വരെ 90 ദിവസം പൂർത്തിയാകുന്ന ഉദ്യോഗാർത്ഥികൾ മെയ് 30 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272262.