തൊടുപുഴ: കെട്ടിട നിർമ്മാണം ആരംഭിച്ചോ? നിർമ്മാണം പാതി വഴിയിൽ സ്തംഭിച്ചോ? ഇതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമല്ല, പക്ഷെ;നിർമ്മാണത്തിന്റെ " വിഹിതം" കിട്ടിയേ തീരു എന്ന രീതിയിലാണ് ജില്ലാ തൊഴിൽ വകുപ്പ് അധികൃതർ.വീട്,കച്ചവട സ്ഥാപനങ്ങൾ തുടങ്ങി വിവിധ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ, അവയുടെ ആകെ ചിലവിന്റെ ഒരു ശതമാനം തുക കെട്ടിട നിർമ്മാണ ക്ഷേമ നിധി ബോർഡിന് നൽകണം എന്നാണ് വ്യവസ്ഥ.പഞ്ചായത്ത്‌ രാജ്, നഗര പാലിക നിയമം പ്രാബല്യത്തിൽ വന്നതോടെ പുതിയ നിർമ്മാണ പ്രവർത്തികൾക്കും നിലവിലുള്ളതിന്റെ രൂപ മാറ്റം നടത്തുമ്പോഴും അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്.ഇതിനായി ജനം ആവശ്യമായ രേഖകൾ സഹിതം അതാത് തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകും.ഇതേ തുടർന്നാണ് കെട്ടിട നിർമ്മാണ ക്ഷേമ നിധി ബോർഡിൽ അടക്കാനുള്ള അംശദായം സംബന്ധിച്ചുള്ള കൃത്യമായ കണക്ക് അപേക്ഷകന് ലഭിക്കുന്നത്.എന്നാൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാത്തതും നിർമ്മാണം ആരംഭിക്കാത്ത കെട്ടിടങ്ങൾക്കും ക്ഷേമ നിധിയിലേക്കുള്ള വിഹിതം അടക്കണം എന്നാവശ്യപ്പെട്ട് ഏറെപ്പേർക്ക് ജില്ലാ തൊഴിൽ വകുപ്പ് വ്യാപകമായി നോട്ടീസ് അയച്ചിരിക്കുകയാണ്.