കട്ടപ്പന: കൊറോണ19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കട്ടപ്പന നഗരസഭ. കട്ടപ്പനയിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, വെള്ളയാംകുടി, വള്ളക്കടവ്, മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളവും ഹാൻഡ് വാഷ്, സോപ്പ് എന്നിവ ഉൾപ്പെടെയുള്ള സംവിധാനം സ്ഥാപിച്ചു. കൂടാതെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നിർദേശപ്രകാരം ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലും വെള്ളം, സോപ്പ്, ഹാൻഡ് വാഷ്, സാനിട്ടൈസർ എന്നിവ ക്രമീകരിച്ചു. ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയിച്ച് നഗരത്തിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തി. അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും ബോധവത്കരണ പ്രവർത്തനങ്ങളും സജീവമാണ്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡിമേരി, വിനേഷ് ജേക്കബ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് ജോസഫ്, അരുൺ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


മാതൃകയായി കട്ടപ്പന അമ്പലപ്പാറ ഗ്രാമം

കട്ടപ്പന: ''സ്‌നേഹപൂർവമായ അപേക്ഷ.. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി മാത്രം വീട്ടിൽ പ്രവേശിക്കുക.'' കട്ടപ്പന നഗരസഭയിലെ പുളിയൻമല അമ്പലപ്പാറ വാർഡിലെ വീടുകൾക്കുമുമ്പിൽ പതിച്ചിരിക്കുന്ന നോട്ടീസിൽ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. ബ്രേക്ക് ദി ചെയിൻ കാമ്പയിൻ ഏറ്റെടുത്ത് മുഴുവൻ വീടുകളിലും നടപ്പാക്കിയിരിക്കുകയാണ് അമ്പലപ്പാറ ഗ്രാം. വാർഡിലെ മുഴുവൻ വീടുകൾക്കുമുമ്പിലും സോപ്പും ഹാൻഡ് വാഷും ഉൾപ്പെടെ കൈകഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. പൈപ്പുകളിൽ വെള്ളം ലഭ്യമാക്കാൻ സൗകര്യമില്ലാത്തവർ ബക്കറ്റുകൾ സ്ഥാപിച്ചും കാമ്പയിന്റെ ഭാഗമായി. കുടുംബശ്രീ എ.ഡി.എസ്. കമ്മിറ്റികളുടെ സഹായത്തോടെയാണ് കാമ്പയിൻ വിജയമാക്കിയതെന്ന് വാർഡ് കൗൺസിലർ ബിന്ദുലത രാജു പറഞ്ഞു. എ.ഡി.എസ് ചെയർപേഴ്‌സൺമാരായ ഷൈനി ജോർജ്, റോസമ്മ തോമസ്, കമ്മിറ്റിയംഗങ്ങൾ, വീട്ടമ്മമാർ എന്നിവരും സഹകരിച്ചു.