മൂന്നാർ: മൂന്നാറിലെത്തിയ യു.കെ പൗരനൊപ്പമുണ്ടായിരുന്ന അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെമൂന്നാർ കൂടുതൽ ജാഗ്രതയിലായി . വൈറസിന്റെ വ്യാപനം സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടാംഘട്ട നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാഹം പോലുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ഇന്നലെ മൂന്നാർ ആഡിറ്റോറിയത്തിൽ നടന്ന 250 പേരുടെ വിവാഹ ചടങ്ങ് പൊലീസ് ഇടപെട്ട് നിറുത്തി. സായി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് കളിയും നിറുത്തിച്ചു. പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് എന്നിവർ മൂന്ന് ടീമുകളായി ജനവാസമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇന്നലെ നല്ലതണ്ണിയിൽ പനിയുടെ ലക്ഷണങ്ങൾ കണ്ട 11 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട
ഇന്നലെ രോഗം സ്ഥിരീകരിച്ച അഞ്ച് പേർ സഞ്ചരിച്ച വഴികൾ ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് ആരോഗ്യവകുപ്പ് അധികൃതർ ഇരട്ടിപണിയാണ്. നേരത്തെ ഇവർ സഞ്ചരിച്ച റൂട്ടുമാപ്പ് പുറത്തുവിട്ടിരുന്നു. ഇത് പരിഷ്‌കരിക്കേണ്ടി വരും. ഇവരോടൊപ്പമുണ്ടായിരുന്ന ഡ്രൈവർ, ഗൈഡ്, ടീ കൗണ്ടി റിസോർട്ട് മാനേജർ എന്നിവരെ ഇതിനായി ചോദ്യം ചെയ്യും. സി.സി ടി.വിയുടെ സഹായത്തോടെ ആരൊക്കെയാണ് നിരീക്ഷണത്തിലിരിക്കെ പുറത്തുപോയതെന്നും രോഗികളായ യു.കെ. പൗരന്മാരുമായി കൂടുതൽ ഇടപഴകിയതെന്നും കണ്ടെത്തും.