കാഞ്ഞാർ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം പ്രവർത്തനസജ്ജമായ വെള്ളിയാമറ്റം കുടിവെള്ള പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി ഇരുമുന്നണികളും തമ്മിൽ തർക്കം. പഞ്ചായത്ത് പ്രസിഡന്റിന്റെ നിവേദനത്തെ തുടർന്ന് മന്ത്രി എം.എം. മണി ഇടപെട്ടാണ് കാഞ്ഞാറിലെ പമ്പ് ഹൗസിൽ വൈദ്യുതിയെത്തിയതെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. ഇന്നാൽ തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സമരത്തെ തുടർന്നാണ് പമ്പ് ഹൗസിൽ വൈദ്യുതിയെത്തിയതെന്ന് യു.ഡി.എഫ് പറയുന്നു. വൈദ്യുതി- ജലവിഭവ വകുപ്പ് മന്ത്രിമാരുമായി പി.ജെ. ജോസഫ് എം.എൽ.എ നടത്തിയ ചർച്ചകളെ തുടർന്നാണ് കണക്ഷൻ നൽകാൻ തീരുമാനമായതത്രേ.
രണ്ട് വർഷമായി പണി തീർന്ന ഞരളം പുഴ ട്രീറ്റ്‌മെന്റ് പ്ലാന്റിനും വെള്ളിയാമറ്റം പ്രധാന പമ്പിംഗ് സ്റ്റേഷനും ഒരു വർഷത്തിലേറെയായി 16 ലക്ഷം രൂപ കെ.എസ്ഇബിക്ക് വൈദ്യുതിക്കായി അടച്ചിരുന്നു. കാഞ്ഞാർ പദ്ധതിയുടെ കുടിശിക 60 ലക്ഷം രൂപ അടച്ചാൽ മാത്രമേ കാഞ്ഞാർ പമ്പിംഗ് സ്റ്റേഷന് വൈദ്യുതി നൽകൂവെന്ന തീരുമാനമാണ് തടസമായത്.
സംസ്ഥാനത്ത് 69 കോടി കുടിശിക വാട്ടർ അതോറിട്ടി നൽകാനുള്ളപ്പോൾ 30.5 കോടി കഴിഞ്ഞ നവമ്പറിൽ അടച്ചിട്ടും 2020 ഫെബ്രുവരി മാസത്തിൽ വെള്ളിയാമറ്റം കുടിവെള്ള പദ്ധതിക്ക് വൈദ്യുതി നൽകില്ലെന്ന കെ.എസ്.ഇ.ബി നിലപാടാണ് സമരത്തിലേക്ക് നയിച്ചതെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.

അതേസമയം എൽ.ഡി.എഫ് പറയുന്നത് അനുബന്ധ സംവിധാനങ്ങളെല്ലാം പൂർത്തിയായെങ്കിലും കെ.എസ്.ഇ.ബിക്ക് ജലഅതോറിട്ടി തൊടുപുഴ ഡിവിഷൻ നൽകാനുണ്ടായിരുന്ന 50,84,934 രൂപയുടെ വൈദ്യുതി ബിൽ കുടിശികയായിരുന്നു പദ്ധതി കമ്മിഷൻ ചെയ്യാൻ തടസമെന്നാണ്. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്റെ നേതൃത്വത്തിൽ വൈദ്യുതിമന്ത്രി എം.എം. മണിയ്ക്ക് നിവേദനം നൽകി. ഇതോടെയാണ് വിവിധ തലങ്ങളിൽ ചർച്ച നടത്തി കുടിശിക തുക തവണകളായി അടയ്ക്കാൻ മന്ത്രി നിർദേശിച്ചത്. ഇക്കാര്യം ജല അതോറിറ്റി അംഗീകരിച്ചു. സെക്യൂരിറ്റി ഇനത്തിലുള്ള 6,41, 450 രൂപ അടയ്ക്കാമെന്നും ജല അതോറിട്ടി അറിയിച്ചതായി എൽ.‌ഡി.എഫ് പറയുന്നു. ഏതായാലും കാഞ്ഞാർ, വെള്ളിയാമറ്റം, പൂച്ചപ്ര, ഇളംദേശം, പന്നിമറ്റം എന്നീ മേഖലകളിലെ കുടിവെള്ളക്ഷാമമുള്ള നിരവധി കുടുംബങ്ങൾക്ക് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആശ്വാസമാകും.

നാല് വർഷം മുമ്പുള്ള പദ്ധതി

2016 ലാണ് 25 കോടി രൂപ ചെലവിൽ ശുദ്ധജലവിതരണ പദ്ധതിക്ക് ജല അതോറിറ്റി തുടക്കംകുറിച്ചത്. കാഞ്ഞാറിൽ മലങ്കര ജലാശയത്തിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഞരളംപുഴയിലെ ശുദ്ധീകരണശാലയിലും തുടർന്ന് വിവിധയിടങ്ങളിൽ പൂർത്തിയാക്കിയ സംഭരണികളിലേക്കും എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

പദ്ധതി ഉടൻ കമ്മിഷൻ ചെയ്യും: പി.ജെ. ജോസഫ്
വെള്ളിയാമറ്റം ശുദ്ധജല പദ്ധതി ട്രയൽ റൺ പൂർത്തീകരിച്ച് ഉടൻ കമ്മിഷൻ ചെയ്യുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഇടവെട്ടി, മണക്കാട്, പുറപ്പുഴ, തൊടുപുഴ ടൗൺ പദ്ധതികൾ തുടങ്ങിയപ്പോൾ കുടിശിക നോക്കാതെ സി.ഡി ചാർജ്ജ് അടച്ചായിരുന്നു വൈദ്യുതി നൽകിയിരുന്നതെന്ന് എം.എൽ.എ പറഞ്ഞു.
വൈദ്യുതി, ജലവിഭവ മന്ത്രിമാരുമായി പുതിയ പദ്ധതികൾ തുടങ്ങുമ്പോൾ സി.ഡി ചാർജ്ജ് ഈടാക്കി കണക്ഷൻ നൽകാൻ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ട്രയൽ റൺ നടത്താൻ സാഹചര്യമൊരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.