കട്ടപ്പന: വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാഗമൺ വെടിപ്പാക്കുകയാണ് ജീവനക്കാർ. ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയന്റെ നിർദേശപ്രകാരം വാഗമൺ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 16 മുതലാണ് ശുചീകരണം ആരംഭിച്ചത്. 30 ജീവനക്കാർ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് സന്ദർശകർ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ കാടു വെട്ടിത്തെളിക്കൽ, പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. ഏലപ്പാറ, വാഗമൺ, പാലൊഴുകുംപാറ റോഡുകളിൽ സഞ്ചാരികൾ തള്ളിയ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചുവരുന്നു. മറ്റു സംഘങ്ങൾ മൊട്ടക്കുന്ന്, ആത്മഹത്യ മുനമ്പ് എന്നിവിടങ്ങളിലെ കുറ്റിക്കാടുകളും വെട്ടിത്തെളിക്കുന്നുണ്ട്. വാഗമൺ ഡെസ്റ്റിനേഷൻ മാനേജർ എം.ജി. മോഹനനാണ് ശുചീകരണത്തിനു മേൽനോട്ടം വഹിക്കുന്നത്.