കട്ടപ്പന: കൂട്ടം കൂടരുതെന്ന സർക്കാർ നിർദേശംമറികടന്ന് സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും പാചകവാതക ഏജൻസികളിലും ആൾക്കൂട്ടം. ജനത കർഫ്യൂവിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിച്ചേരുകയായിരുന്നു. ഒരു മീറ്റർ അകലം പാലിച്ച് ക്യൂവിൽ നിൽക്കണമെന്ന ജീവനക്കാരുടെ നിർദേശവും ആളുകൾ മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെ ജീവനക്കാരും ആശങ്കയിലായി. മാസ്‌കോ തൂവാലയോ ധരിക്കാതെയാണ് ഭൂരിഭാഗം ആളുകളും എത്തിയത്. അതേസമയം ചന്തകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. പാചകവാതക ഏജൻസി ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


കടകളുടെ പ്രവർത്തനസമയം കുറച്ചു

കട്ടപ്പന: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കടകളുടെ പ്രവർത്തനസമയം കുറച്ചു. നാളെ മുതൽ കടകൾ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയേ പ്രവർത്തിക്കൂവെന്ന് കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. കടകളിൽ വിൽപനയ്ക്കുള്ള പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ആളുകൾ സ്പർശിക്കരുതെന്നും ഇക്കാര്യം കടയുടമകൾ ശ്രദ്ധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.