ചെറുതോണി: മുരിക്കാശേരി പൊലീസ് സ്റ്റേഷൻ- കുറ്റിവേലിപ്പടി റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ഈ റോഡ് ടാറിംഗ് കഴിഞ്ഞിട്ട് 12 വർഷമായി. നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡ് തോപ്രാംകുടിക്കുള്ള ഏറ്റവും എളുപ്പ വഴിയുമാണ്. പലപ്പോഴും ജനങ്ങൾ തന്നെ മുൻകൈയ്യെടുത്ത് കല്ലുപാകി മണ്ണിട്ടു ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇരുചക്രവാഹനങ്ങൾ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വാത്തിക്കുടി പഞ്ചായത്തിലെ പോക്കറ്റ് റോഡുകൾ പോലും ടാർ ഇട്ടിട്ടും ഈ റോഡ് മാത്രം അവഗണിക്കുന്നതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. മുമ്പ് അനുവദിച്ച 30 ലക്ഷം രൂപ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് മാറ്റിയതായും പ്രദേശവാസികളാരോപിച്ചു. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ചൈതന്യാ എസ്. എച്ച്. ജിയുടെ നേതൃത്വത്തിൽ പുളിക്കൽപ്പടിയിൽ കൂടിയ പൊതുയോഗം സമരവുമായി മുന്നോട്ട് പോകാനും
പൊതുമരാമത്ത് ഓഫീസ് ഉപരോധിക്കാനും തീരുമാനിച്ചു. ഡോ. പി. കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി കച്ചിറയിൽ, ദേവസ്യാച്ചൻ കലമറ്റത്തിൽ, ബെന്നി, രവി തുടങ്ങിയവർ പ്രസംഗിച്ചു.