ഇടുക്കി: മൂന്നാറിലെത്തിയ വിദേശ വിനോദസഞ്ചാരികൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മാർച്ച് 31 വരെ സന്ദർശന വിലക്ക് ജില്ലാ കളക്ടർ ഏർപ്പെടുത്തി. കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം തടയുന്നതിനായി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പെതു ജനപങ്കാളിത്തം പരമാവധി കുറയ്‌ക്കേണ്ടതും പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് മുൻകൂറായി നോട്ടീസ് നൽകുന്നതിനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. മൂന്നാർ പഞ്ചായത്തിൽ ഹോട്ടലുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയായി ക്രമീകരിച്ചു. അത്യാവശ്യമല്ലാത്ത മൂന്നാർ സന്ദർശനം ഒഴിവാക്കണം. മൂന്നാറിലേക്ക് കടക്കുന്ന അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കും. പൊതുയിടങ്ങൾ അണുവിമുക്തമാക്കും. ഇന്ന് ആശുപത്രികൾ വൃത്തിയാക്കി അണുവിമുക്തമാക്കും. ഡീൻ കുര്യാക്കോസ് എം.പി യോഗത്തിന് നേതൃത്വം നൽകി. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഡി.എം.ഒ ഡോ. എൻ. പ്രിയ എന്നിവർ പങ്കെടുത്തു.