തൊടുപുഴ: കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ച അവധിയെ തുടർന്ന് ഇന്നലെ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞു കിടന്നു. ആരോഗ്യ വകുപ്പിൽ അലോപ്പതി, ആയൂർവേദം, ഹോമിയോ വിഭാഗങ്ങൾക്ക് അവധി ബാധകമല്ലായിരുന്നു. ആരോഗ്യ വകുപ്പിന് കീഴിൽ താഴെ തട്ടിലുള്ള സബ് സെന്ററുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ പതിവ് പോലെ പ്രവർത്തിച്ചിരുന്നു. പ്രത്യേക സാഹചര്യത്തിൽ അവധിയിലായിരുന്ന മുഴുവൻ ജീവനക്കാരോടും അടിയന്തരമായി ജോലിയിൽ പ്രവേശിക്കാനും വകുപ്പ് തലത്തിലുള്ള നിർദേശം നൽകിയിരുന്നു. സർക്കാർ നിർദേശം വന്നതിനെ തുടർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രത പ്രവർത്തനങ്ങളുടെ പ്രധാന മേൽനോട്ടവും ആരോഗ്യ വകുപ്പിന്റെ ഉത്തരവാദിത്വം ആയിരുന്നതിനാൽ ഇന്നലെയും വാർഡ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലാണ് അവർ കൂടുതലായും ശ്രദ്ധ നൽകിയത്. ജാഗ്രത നിർദേശം മറികടന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് വിദേശികൾ വാഹനങ്ങളിൽ എത്തുന്നുണ്ടോ പരിശോധിക്കുന്നതിന് റോഡുകൾ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം ഇന്നലെയും സജീവമായി രംഗത്തുണ്ടായിരുന്നു. ഇവർക്ക് സഹായകമായി പൊലീസും പ്രവർത്തിച്ചു. എന്നാൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലെ ചില ജീവനക്കാർ ഇന്നലെ ജോലിക്കായി എത്തിയിരുന്നു. തൊടുപുഴ നഗരസഭയുടെ മുകളിലുള്ള ഹാളിൽ ഏതാനും ദിവസങ്ങളായി പ്രവർത്തിച്ചിരുന്ന വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള ഹീയറിങ് കേന്ദ്രം ഇന്നലെ നഗരസഭയുടെ പ്രവേശ കവാടത്തിന് സമീപത്തേക്ക് മാറ്റി പ്രവർത്തിച്ചിരുന്നു. ഹീയറിംഗിന് ഇന്നലെ എത്താൻ നോട്ടീസ് കിട്ടിയ നിരവധി ആളുകൾ ഇവിടെ എത്തി പ്രശ്നം പരിഹരിച്ചിരുന്നു.