തൊടുപുഴ: കൊറോണ പശ്ചാത്തലത്തിൽ ഭക്ഷണശാലകൾക്കു കർശന മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, ജ്യൂസ് പാർലറുകൾ, കാന്റീനുകൾ തുടങ്ങിയ എല്ലാത്തരം ഭക്ഷണശാലകളും താഴെപ്പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇടുക്കി അസി. ഫുഡ് സേഫ്‌റ്റി കമ്മിഷണർ ബെന്നി ജോസഫ് അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന നിർദേശങ്ങൾ

1) രോഗലക്ഷണങ്ങളുള്ള ജോലിക്കാരെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കുകയും ജോലിയിൽ നിന്ന് മാറ്റി നിറുത്തണം


2) ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ജലദോഷം, ചുമ, തുമ്മൽ എന്നിവയുണ്ടെങ്കിൽ അവരോട് മാസ്‌കോ തൂവാലയോ ഉപയോഗിക്കാൻ നിർദേശിക്കണം. ഇവർക്കു പ്രത്യേക സ്ഥലവും വാഷിങ് ഏരിയയും നൽകണം.


3) മേശപ്പുറത്ത് പാത്രങ്ങളിൽ കറികൾ നേരത്തെ വിളമ്പി വയ്ക്കരുത്


4) ജഗ്ഗുകളിൽ വീണ്ടും വെള്ളം നിറയ്ക്കാൻ, ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളത്തിൽ ജഗ്ഗ് മുക്കരുത്


5) കാഷ് കൗണ്ടറിലുള്ളയാൾ യാതൊരു കാരണവശാലും ഭക്ഷണസാധനങ്ങൾ എടുത്തു കൊടുക്കരുത്


6) ജീവനക്കാർ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം


7) ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കണം


8) സോപ്പിനു പകരം കൈകഴുകാൻ ഹാൻഡ് വാഷ് നൽകണം


9) പലഹാരങ്ങൾ കൈ കൊണ്ട് എടുക്കരുത്. പ്ലക്കർ/ ഗ്ലൗസ് ഉപയോഗിച്ച് മാത്രം എടുക്കുക. ആളുകൾ ആഹാര സാധനങ്ങൾ സ്വയം എടുക്കാതിരിക്കുക. അലമാര അടച്ചു സൂക്ഷിക്കണം. ബട്ടർ പേപ്പർ, ടിഷ്യൂ പേപ്പർ എന്നിവ ആവശ്യത്തിനു ലഭ്യമാക്കണം.


10) ഗ്ലാസ് കഴുകാൻ പ്രത്യേകം ജീവനക്കാരെ വയ്ക്കണം. സോപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ഗ്ലാസുകൾ വൃത്തിയായി കഴുകണം. ജ്യൂസുകൾക്കൊപ്പം നിർബന്ധമായും സ്‌ട്രോ നൽകണം.