തൊടുപുഴ: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. കർഫ്യൂ പാലിക്കണമെന്ന് മുഖ്യമന്ത്രി കൂടി പറഞ്ഞതോടെ എല്ലാ വിഭാഗം ജനങ്ങളും ഇത് ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഏത് ഈർക്കിലി പാർട്ടി ഹർത്താൽ പ്രഖ്യാപിച്ചാലും വീട്ടിലിരിക്കുന്ന മലയാളിക്ക് കർഫ്യൂ പാലിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ കർഫ്യൂവിന് മുന്നോടിയായി ജനങ്ങൾ സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദൃശ്യമാണ് എവിടെയും. സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും ബിവറേജസ് ഷോപ്പിൽ വരെ വൻ ക്യൂ ദൃശ്യമായിരുന്നു. വരും ദിവസങ്ങളിലും കർഫ്യൂ തുടരുമോയെന്നും സാധനങ്ങൾക്ക് ക്ഷാമം വരുമോയെന്നുമുള്ള ഭീതിയാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇത്തരം ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് അധികൃതർ പറയുന്നു. കെ.എസ്.ആർ.ടി.സി- സ്വകര്യ ബസുകൾ- ആട്ടോ- ടാക്സി എന്നിവ സർവീസുകൾ ഇന്ന് നിറുത്തി വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടൽ, മറ്റ് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ,​ പെട്രോൾ പമ്പുകൾ എന്നിവയും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും വീട്ടിലിരിക്കാൻ ഒരുങ്ങുമ്പോൾ ജില്ലയിലെ പ്രമുഖർ ഇന്ന് എന്തു ചെയ്യുമെന്ന് കേരളകൗമുദിയോട് പ്രതികരിക്കുന്നു.

'സംസ്ഥാന സർക്കാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച കൊറോണ ജാഗ്രതയെ തുടർന്ന് പൊതു പരിപാടികൾ പൂർണമായും റദ്ദ് ചെയ്തിരുന്നു. ഒഴിവാക്കാൻ പറ്റാത്ത അടിയന്തര മീറ്റിംഗ് മാത്രമാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. ജാഗ്രത കർഫ്യൂവിന്റെ ഭാഗമായി ഇന്ന് മുഴുവൻ സമയവും പുറത്തിറങ്ങാതെ കുഞ്ചിത്തണ്ണിയിലുള്ള വീട്ടിൽ ഉണ്ടാവും"

-എം.എം. മണി (വൈദ്യുതി മന്ത്രി)

'ഇന്ന് പുറപ്പുഴയിലെ വീട്ടിൽ വിശ്രമത്തിലായിരിക്കും. മറ്റൊരു പരിപാടിയും ഉണ്ടാകില്ല"

- പി.ജെ. ജോസഫ് എം.എൽ.എ

'ജനത കർഫ്യൂവിന് പിന്തുണ നൽകുന്നു. അത്യാവശ്യ ഫയൽ നോട്ടവുമായി ഇന്ന് മുഴുവൻ സമയവും തിരുവനന്തപുരത്ത് ഓഫീസിൽ ഉണ്ടാവും"

- റോഷി അഗസ്റ്റിൻ എം.എൽ.എ

'പുറത്തിറങ്ങാതെ ഇന്ന് മുഴുവൻ സമയവും വീട്ടിൽ ഉണ്ടാവും. മറ്റ് പരിപാടികൾ ഒന്നും ഇല്ല"

-ബിജിമോൾ എം.എൽ.എ

'ഇന്ന് മുഴുവൻ സമയവും വീട്ടിൽ തന്നെ ഇരിക്കും, മറ്റ് ഒരു പരിപാടികളൊന്നും ഉണ്ടാവില്ല "

-എസ്. രാജേന്ദ്രൻ എം.എൽ.എ

'ഇന്ന് മുഴുവൻ സമയവും കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ഉണ്ടാവും, ഔദ്യോഗക പ്രോഗ്രാമുകൾ ഒന്നും ഇല്ല "

​-എച്ച്. ദിനേശൻ (ജില്ലാ കളക്ടർ)